അർദ്ധ സെഞ്ച്വറിയടിച്ചത് ആഘോഷിച്ച് അഡ്രിയാൻ ലൂണ,പുരസ്കാരത്തിനൊപ്പം അസിസ്റ്റും,പിന്തുണക്ക് കൃതാർത്ഥനെന്ന് താരം.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെയാണ് തോൽപ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ആ മത്സരത്തിൽ വിജയം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.മിലോസ് ഡ്രിൻസിച്ചായിരുന്നു മത്സരത്തിലെ വിജയ ഗോളിന്റെ ഉടമ.അസിസ്റ്റ് നൽകിയത് മറ്റാരുമല്ല, ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ്. ഈ സീസണിൽ മികച്ച പ്രകടനമാണ് ലൂണ ഇപ്പോൾ പുറത്തെടുക്കുന്നത്.
ആകെ 7 മത്സരങ്ങൾ ലൂണ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.നാളെ രാത്രി എട്ടുമണിക്കാണ് ഈ മത്സരം നടക്കുക.കൊച്ചിയിൽ സ്വന്തം ആരാധക കൂട്ടത്തിനു മുന്നിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം അരങ്ങേറുക.മുപ്പതിനായിരത്തിന് മുകളിൽ ആരാധകർ എല്ലാ മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണച്ചുകൊണ്ട് സ്റ്റേഡിയത്തിൽ ഉണ്ടാവാറുണ്ട്.
കഴിഞ്ഞ മത്സരത്തിൽ പങ്കെടുത്തതോടുകൂടി ലൂണ അർദ്ധ സെഞ്ച്വറി തികച്ചിരുന്നു.അതായത് ഇന്ത്യൻ സൂപ്പർ ലീഗിൽ ആകെ 50 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം പൂർത്തിയാക്കുകയാണ് ലൂണ ചെയ്തിട്ടുള്ളത്. മാത്രമല്ല ഒക്ടോബർ മാസത്തിലെ പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം മത്സരത്തിനു മുന്നോടിയായി ലൂണ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. പരിശീലകൻ വുക്മനോവിച്ച് ആയിരുന്നു ഈ അവാർഡ് കൈമാറിയിരുന്നത്. ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.
50 മത്സരങ്ങൾ,അനന്തമായ ഓർമ്മകൾ.ഇന്ത്യൻ സൂപ്പർ ലീഗിൽ അർദ്ധ സെഞ്ച്വറി ഞാൻ സെലിബ്രേറ്റ് ചെയ്യുകയാണ്, പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരത്തോടൊപ്പം ഹൈദരാബാദ് എഫ്സിക്കെതിരെയുള്ള അസിസ്റ്റിനോടൊപ്പവുമാണ് ഞാൻ ഇത് സെലിബ്രേറ്റ് ചെയ്യുന്നത്. നിങ്ങളുടെ അവിശ്വസനീയമായ പിന്തുണക്ക് എന്നും കൃതാർത്ഥനായിരിക്കും.നമുക്ക് ഇനി അടുത്ത മത്സരത്തിൽ കാണാം, ഇതാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ ലൂണ എഴുതിയിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങളിൽ എപ്പോഴും നമുക്ക് ഈ സൂപ്പർതാരത്തിന്റെ സാന്നിധ്യം കാണാൻ സാധിക്കും. വളരെ പ്രധാനപ്പെട്ട മത്സരങ്ങളാണ് ഇനി വരാനിരിക്കുന്നത്.ലൂണ യെല്ലോ കാർഡ് വഴങ്ങാതിരിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്.കാരണം അദ്ദേഹത്തെ ഒരു സസ്പെൻഷൻ കാത്തിരിക്കുന്നുണ്ട്. ഡിസംബർ മാസത്തിന്റെ അവസാനത്തിലാണ് വമ്പന്മാർക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് കളിക്കേണ്ടി വരുന്നത്.