ലീഡറല്ലേ? ടീമിനായി എല്ലാം ചെയ്യേണ്ടിവരും:പുതിയ റോളിനെ കുറിച്ച് അഡ്രിയാൻ ലൂണ!

നിലവിൽ ഗംഭീര പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിൽ നടത്തിക്കൊണ്ടിരിക്കുന്നത്.ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ അവർ നേടിക്കഴിഞ്ഞു. ആദ്യ മത്സരത്തിൽ 8 ഗോളുകളുടെ വിജയം നേടിയ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ സമനില വഴങ്ങി.എന്നാൽ മൂന്നാമത്തെ മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകളുടെ വിജയം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു. അങ്ങനെ ഒന്നാം സ്ഥാനക്കാരായി കൊണ്ട് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ തന്റെ സ്വാഭാവിക പൊസിഷനിൽ അല്ല ഇപ്പോൾ കളിക്കുന്നത്. പുതിയ പരിശീലകനായ സ്റ്റാറെ അദ്ദേഹത്തിന് മറ്റൊരു റോളാണ് നൽകിയിട്ടുള്ളത്. എന്നിരുന്നാലും മികച്ച പ്രകടനം താരം നടക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ഒരുക്കിയ താരം ലൂണയാണ്. ഗോൾ നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും 8 അവസരങ്ങൾ ഒരുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

തന്റെ പുതിയ അഭിമുഖത്തിൽ ടീമിനകത്തെ പുതിയ റോളിനെ കുറിച്ച് താരം സംസാരിച്ചിട്ടുണ്ട്. ടീമിന്റെ ലീഡർ എവിടെ കളിച്ചാലും ടീമിനെ സഹായിക്കുകയാണ് വേണ്ടത് എന്നാണ് ലൂണ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ടീമിനായി സർവ്വതും ചെയ്തുകൊണ്ട് മാതൃകയാവേണ്ടതുണ്ടെന്നും ലൂണ പറഞ്ഞിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.

ഞാനിപ്പോൾ വ്യത്യസ്തമായ ഒരു പൊസിഷനിലാണ് കളിക്കുന്നത്.പക്ഷേ ആ പൊസിഷനിൽ മുൻപും ഞാൻ വ്യത്യസ്ത രാജ്യങ്ങളിലായിക്കൊണ്ട് കളിച്ചിട്ടുണ്ട്. ടീമിനെ വിജയിക്കാൻ സഹായിക്കുക എന്നതാണ് എന്റെ ഏറ്റവും പ്രധാനപ്പെട്ട റോൾ. എല്ലാവർക്കും മാതൃകയാവേണ്ട ഒരു ലീഡറാണ് ഞാൻ. എല്ലായിടത്തും നിറഞ്ഞുകളിച്ച് ടീമിനായി സർവ്വതും ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്,ലൂണ പറഞ്ഞു.

ഗ്രൂപ്പ് ഘട്ടം ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അത്ര ബുദ്ധിമുട്ടുള്ളതായിരുന്നില്ല.പക്ഷേ ഇനിയാണ് യഥാർത്ഥ പരീക്ഷണം വരുന്നത്.ബ്ലാസ്റ്റേഴ്സിന്റെ ക്വാർട്ടർ ഫൈനലിലെ എതിരാളികളാരാണ് എന്ന് വ്യക്തമായിട്ടില്ല.ബ്ലാസ്റ്റേഴ്സ് നിര യഥാർത്ഥത്തിൽ പരീക്ഷിക്കപ്പെടാൻ പോകുന്നത് ഇനിയുള്ള മത്സരങ്ങളിലാണ്.

Adrian LunaKerala Blasters
Comments (0)
Add Comment