ഭീമാകാരമായ ടിഫോ..! കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പുതിയ സന്ദേശവുമായി അഡ്രിയാൻ ലൂണ.
കഴിഞ്ഞ മുംബൈ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. പ്രതികാരദാഹത്തോട് കൂടി കളിക്കളത്തിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് എല്ലാ അർത്ഥത്തിലും മികച്ച പ്രകടനം നടത്തി. രണ്ട് ഗോളുകൾ ആദ്യപകുതിയിൽ തന്നെ നേടി കൊണ്ട് വിജയം ഉറപ്പിച്ചതോടെ സ്റ്റേഡിയം പ്രകമ്പനം കൊള്ളുകയായിരുന്നു. ആരാധകർ ഏറെ ആഗ്രഹിച്ച ഒരു വിജയമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരിക്കുന്നത്.
എന്നാൽ ഈ മത്സരത്തിലെ ഏക നിരാശ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അസാന്നിധ്യമാണ്.പരിക്ക് മൂലം അദ്ദേഹം ഈ മത്സരത്തിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് ഈ സീസണിൽ തന്നെ ഇനി കളിക്കാൻ പറ്റില്ല എന്നത് ആരാധകർക്ക് വളരെ നിരാശ നൽകുന്ന ഒരു കാര്യമാണ്.ആവേശകരമായ വിജയം നേടിയപ്പോൾ അത് ആഘോഷിക്കാൻ പ്രിയപ്പെട്ട ലൂണ സ്റ്റേഡിയത്തിൽ ഇല്ലാതെ പോയത് ഒരു കൂട്ടം ആരാധകർക്കെങ്കിലും വേദനയുണ്ടാക്കിയ കാര്യമായിരുന്നു.
പക്ഷേ തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റനെ മറ്റൊരു രീതിയിൽ മഞ്ഞപ്പട ഓർമിച്ചിരുന്നു. ഒരു ഭീമാകാരമായ ടിഫോയായിരുന്നു മഞ്ഞപ്പട ലൂണക്ക് വേണ്ടി ഒരുക്കിയിരുന്നത്.റീചാർജ് ചെയ്യൂ ലൂണ, നിങ്ങളുടെ മാന്ത്രികതക്ക് വേണ്ടി ഞങ്ങൾ ഇവിടെ കാത്തിരിക്കുകയാണ് എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സന്ദേശം.ഈ സ്നേഹത്തിന് ഇപ്പോൾ അഡ്രിയാൻ ലൂണ നന്ദി പറഞ്ഞിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഒരു പുതിയ മെസ്സേജ് അദ്ദേഹം നൽകുകയായിരുന്നു.
നിങ്ങളോട് ഞാൻ നന്ദി പറയുന്നു, ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്.മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ശക്തിയോടുകൂടി തിരിച്ചുവരാൻ ഇത് എനിക്ക് പ്രചോദനം നൽകുന്നു. കളിക്കളത്തിൽ താരങ്ങൾ എല്ലാം സമർപ്പിച്ച് കളിച്ചതും അർഹമായ വിജയം മുംബൈക്കെതിരെ നേടിയതും വളരെ മികച്ച ഒരു കാര്യമാണ്. സ്റ്റേഡിയത്തിലെ അന്തരീക്ഷം ഇലക്ട്രിക്കായിരുന്നു.എനിക്ക് ഇവിടെ നിന്ന് അത് അനുഭവിക്കാൻ കഴിഞ്ഞിരുന്നു. തിരിച്ചുവരാൻ അക്ഷമയോടുകൂടി കാത്തിരിക്കുകയാണ് ഞാൻ.അധികം വൈകാതെ നിങ്ങളെ എല്ലാവരെയും കാണാം,ഇതാണ് ലൂണ എഴുതിയിട്ടുള്ളത്.
ലൂണ അർഹിച്ച ഒരു ആദരം തന്നെയാണ് ഇതിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് നൽകിയിട്ടുള്ളത്.അടുത്ത സീസണിൽ മാത്രമാണ് ഈ സൂപ്പർതാരത്തെ കാണാൻ സാധിക്കുക എന്നത് നിരാശാജനകമായ കാര്യമാണ്. എന്നാൽ ലൂണയുടെ അഭാവത്തിലും മികച്ച പ്രകടനം നടത്തി എന്നത് ആശ്വാസകരമായ കാര്യമാണ്.അടുത്ത മത്സരത്തിൽ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.