കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയും ഇത്തവണത്തെ ട്രാൻസ്ഫർ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്.അദ്ദേഹത്തിന്റെ കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് ദീർഘിപ്പിച്ചു എന്നുള്ളത് ശരിയാണ്. ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നു. അത് ഉപയോഗപ്പെടുത്തിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ നിലനിർത്തിയിട്ടുണ്ട്. പക്ഷേ ക്ലബ്ബിൽ തുടരണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ലൂണ ഇതുവരെ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല.
ഇതിനിടെ മാർക്കസ് മെർഗുലാവോ ലൂണയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ നൽകിയിട്ടുണ്ട്. അതായത് അഡ്രിയാൻ ലൂണയുടെ കോൺട്രാക്ട് ബ്ലാസ്റ്റേഴ്സ് എന്നുള്ള കാര്യം ഇദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ലൂണക്ക് മറ്റ് രണ്ട് ക്ലബ്ബുകളിൽ നിന്നും ഇപ്പോൾ ഓഫർ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ സ്വന്തമാക്കാൻ അവർ താൽപര്യപ്പെടുന്നു. ആ രണ്ട് ക്ലബ്ബുകൾ ഏതൊക്കെയാണ് എന്ന് തുറന്നു പറയാൻ മെർഗുലാവോ തയ്യാറായിട്ടില്ല.
പക്ഷേ ലൂണക്ക് ഓഫർ ലഭിച്ചു എന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്നലെ പുറത്തേക്ക് വന്ന മറ്റൊരു റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നത് അഡ്രിയാൻ ലൂണക്ക് മുംബൈ സിറ്റിയിൽ നിന്നും ഓഫർ ലഭിച്ചു എന്നുള്ളതായിരുന്നു.ഇതിന് പുറമെ താരത്തെ സ്വന്തമാക്കാൻ വേണ്ടി നേരത്തെ തന്നെ ഓഫർ നൽകിയവരാണ് ഗോവ.ഇക്കാര്യം മലയാളത്തിലെ ഒരു പ്രമുഖ മാധ്യമമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.
ചുരുക്കത്തിൽ മെർഗുലാവോ പറഞ്ഞ ഈ രണ്ടു ക്ലബ്ബുകൾ മുംബൈയും ഗോവയുമാണ് എന്ന് ഊഹിക്കാം.അതേസമയം ബംഗളൂരു എഫ്സിയെ നമ്മൾ ഒരു കാരണവശാലും എഴുതിത്തള്ളാൻ സാധിക്കില്ല.കാരണം കൂടുതൽ മികച്ച താരങ്ങളെ സ്വന്തമാക്കി ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ബംഗളൂരു. അവർക്കും താല്പര്യം ഉള്ള ഒരു താരമാണ് അഡ്രിയാൻ ലൂണ. ചുരുക്കത്തിൽ ബ്ലാസ്റ്റേഴ്സ് ഒന്ന് ശ്രദ്ധിക്കണം എന്നർത്ഥം.
അഡ്രിയാൻ ലൂണയുടെ തീരുമാനമാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ടത്.അദ്ദേഹം ക്ലബ്ബ് വിടാൻ തീരുമാനിച്ചാൽ അദ്ദേഹത്തെ കൈവിടുകയല്ലാതെ ബ്ലാസ്റ്റേഴ്സിന് മുന്നിൽ മറ്റൊരു മാർഗമുണ്ടാവില്ല.അല്ലെങ്കിൽ അദ്ദേഹത്തിന്റെ സാലറി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബ്ലാസ്റ്റേഴ്സ് മാറ്റം വരുത്തേണ്ടതുണ്ട്. താരത്തെ മറ്റു ക്ലബ്ബുകൾക്ക് കൈമാറുകയാണെങ്കിൽ തീർച്ചയായും നല്ലൊരു ട്രാൻസ്ഫർ ഫീ ബ്ലാസ്റ്റേഴ്സിന് കൈപ്പറ്റാൻ സാധിക്കും. പക്ഷേ അതൊന്നും ലൂണക്ക് പകരമാവില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.