കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ് എന്ന് പറയാതിരിക്കാൻ വയ്യ. സൂപ്പർ കപ്പിലും ഇന്ത്യൻ സൂപ്പർ ലീഗിലുമായി ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ച 10 മത്സരങ്ങളിൽ കേവലം ഒരു മത്സരത്തിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്. ഒരു മത്സരത്തിൽ സമനില വഴങ്ങി.ബാക്കി എട്ടുമത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അത്രയും ദയനീയമായ പ്രകടനമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഏറ്റവും ഒടുവിൽ ഈസ്റ്റ് ബംഗാളിനോട് കൊച്ചിയിലെ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ട് പരാജയപ്പെട്ടു. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. രണ്ടു താരങ്ങൾ റെഡ് കാർഡ് കണ്ടു പുറത്തുപോയി,കൂടാതെ സക്കായ് സെൽഫ് ഗോളടിച്ചു. ഇങ്ങനെ ദുരന്തപൂർണ്ണമായ ഒരു മത്സരമായിരുന്നു അത്. നിലവിൽ ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാനുള്ള ഏക പ്ലേ ഓഫിന് യോഗ്യത കരസ്ഥമാക്കി എന്നുള്ളത് മാത്രമാണ്.
അഡ്രിയാൻ ലൂണയുടെ പരിക്കാണ് യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എല്ലാ പദ്ധതികളെയും താളം തെറ്റിച്ചു കളഞ്ഞത്. മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടി മിന്നുന്ന ഫോമിൽ കളിക്കുന്ന സമയത്താണ് ലൂണക്ക് പരിക്കേൽക്കുന്നത്.അദ്ദേഹം ഇപ്പോൾ ടീമിനോടൊപ്പം ജോയിൻ ചെയ്ത് ട്രെയിനിങ് നടത്തുന്നുണ്ട്. അദ്ദേഹം പ്ലേ ഓഫിൽ കളിച്ചേക്കും എന്നുള്ള സൂചനകൾ പരിശീലകൻ വുക്മനോവിച്ച് നൽകി കഴിഞ്ഞിട്ടുണ്ട്. എന്തെന്നാൽ പ്ലേ ഓഫിന് വേണ്ടിയുള്ള സ്‌ക്വാഡിൽ അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
അഡ്രിയാൻ ലൂണയെ വരുന്ന പ്ലേ ഓഫിന് വേണ്ടി ഞങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്ത രണ്ടു മത്സരങ്ങൾ, അഥവാ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലും ലൂണ കളിക്കില്ല. അതിനുശേഷം ഞങ്ങൾ അദ്ദേഹത്തെ പ്ലേ ഓഫിന് പരിഗണിക്കും.ആ മത്സരത്തിനു വേണ്ടി അദ്ദേഹത്തെ തയ്യാറാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
അതായത് അദ്ദേഹത്തെ കളിപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടാകും.പരിക്കിൽ നിന്നും പൂർണ്ണമായും മുക്തനാവുക എന്നതാണ് ഇപ്പോൾ അഡ്രിയാൻ ലൂണക്ക് ചെയ്യാനുള്ളത്. അദ്ദേഹത്തെ ലഭിച്ചു കഴിഞ്ഞാൽ അത് വലിയ പോസിറ്റീവ് ആയ ഘടകം തന്നെയായിരിക്കും.