ലൂണയുടെ പരിക്ക് അതിഗുരുതരം,ദീർഘകാലം പുറത്താവും,ബ്ലാസ്റ്റേഴ്സും ആരാധകരും കടുത്ത നിരാശയിൽ.
കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയെയാണ് നേരിടുക.നാളെ രാത്രി എട്ടുമണിക്ക് പഞ്ചാബിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ അഡ്രിയാൻ ലൂണ കളിക്കില്ല എന്ന കാര്യം നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു.ലൂണക്ക് പരിക്ക് എന്നായിരുന്നു അറിയാൻ സാധിച്ചിരുന്നത്.
എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ ഫുട്ബോൾ കമന്റേറ്ററായ ഷൈജു ദാമോദരൻ നൽകി കഴിഞ്ഞു. അതായത് കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ ലൂണയുടെ പരിക്ക് അതിഗുരുതരമാണ്. അദ്ദേഹത്തിന്റെ കാൽമുട്ടിനാണ് ട്രെയിനിങ്ങിനിടെ പരിക്കേറ്റത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സർജറി ആവശ്യമാണ്.
ശസ്ത്രക്രിയ ചെയ്യാൻ വേണ്ടി ലൂണ മുംബൈയിലെത്തി കഴിഞ്ഞിട്ടുണ്ട്. സർജറി പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം സ്വന്തം ജന്മനാടായ ഉറുഗ്വയിലേക്ക് പോവും. 3 മാസത്തോളം അദ്ദേഹം പുറത്തിരിക്കേണ്ടിവരും എന്നൊക്കെയാണ് പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ. അതായത് ഇനി ഈ സീസണിൽ ലൂണ കളിക്കുമോ എന്ന കാര്യത്തിൽ പോലും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ സീസണിൽ ഇനി കളിക്കില്ല എന്ന് തന്നെയാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരത്തെയാണ് ഇപ്പോൾ ക്ലബ്ബിനെ നഷ്ടമായിരിക്കുന്നത്. ഇത് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള പ്രയാണത്തെ ഗുരുതരമായി ബാധിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഇല്ല. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ എല്ലാ മത്സരങ്ങളും കളിച്ചതാരമാണ് ലൂണ. അദ്ദേഹം മൂന്ന് ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.ബ്ലാസ്റ്റേഴ്സ് ഇതുവരെ നടത്തിയ മികച്ച പ്രകടനത്തിൽ പ്രധാന പങ്കുവഹിച്ചത് ലൂണ തന്നെയായിരുന്നു.
ആ ലൂണയെയാണ് നമുക്കിപ്പോൾ നഷ്ടമായിട്ടുള്ളത്.തീർച്ചയായും എന്താണ് ഇനി കേരള ബ്ലാസ്റ്റേഴ്സ് ചെയ്യുക എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. കാരണം അത്രയും പ്രധാനപ്പെട്ട വിദേശ താരത്തെയാണ് ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ നഷ്ടമായിരിക്കുന്നത്. സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകളെ തന്നെ അവതാളത്തിൽ ആക്കിയിരിക്കുകയാണ് ഇത്.