അഡ്രിയാൻ ലൂണ വരുന്നു,സോറ്റിരിയോയും..! പുതിയ വിവരങ്ങൾ നൽകി ഇവാൻ വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിന്റെ രണ്ടാംഘട്ടത്തിൽ മോശം പ്രകടനമാണ് നടത്തിയത് എന്ന് പറയാതിരിക്കാൻ വയ്യ. തുടർച്ചയായ തോൽവികൾ ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടി വന്നിരുന്നു. അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ നാലു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഏറ്റവും ഒടുവിൽ ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിട്ടുള്ളത്.
നാളെ നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. എന്ത് വിലകൊടുത്തും വിജയിക്കേണ്ട ഒരു മത്സരമാണിത്.പക്ഷേ കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. എന്തെന്നാൽ മോഹൻ ബഗാൻ മികച്ച പ്രകടനമാണ് ഇപ്പോൾ നടത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ അവർ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയിരുന്നു. മാത്രമല്ല പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നതും മോഹൻ ബഗാൻ തന്നെയാണ്.
ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഏറ്റവും കൂടുതൽ വില്ലനായിട്ടുള്ളത് പരിക്കുകൾ തന്നെയാണ്.സീസൺ തുടങ്ങുന്നതിന് മുന്നേ തന്നെ പരിക്ക് കാരണം ജോഷുവ സോറ്റിരിയോയെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരുന്നു. പിന്നീട് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ യെ കൂടി നഷ്ടമായതോടുകൂടിയാണ് കാര്യങ്ങൾ കൈവിട്ടു പോയത്.ഈ രണ്ട് താരങ്ങളുടെയും തിരിച്ചുവരവിനെ കുറിച്ച് ചില കാര്യങ്ങൾ വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്.അത് ഇപ്രകാരമാണ്.
മാർച്ച് പതിനഞ്ചാം തീയതി അഡ്രിയാൻ ലൂണ ഞങ്ങളോടൊപ്പം ജോയിൻ ചെയ്ത് റിഹാബ് ആരംഭിക്കും. വരുന്ന ഏപ്രിൽ മാസത്തിൽ അദ്ദേഹത്തെ ഞങ്ങൾക്ക് സ്‌ക്വാഡിനൊപ്പം ചേർക്കാൻ പറ്റുമോ എന്നുള്ളത് ഞങ്ങൾ നോക്കും. മാത്രമല്ല സോറ്റി രിയോയും ഞങ്ങളോടൊപ്പം ജോയിൻ ചെയ്യും,ഞങ്ങൾ അദ്ദേഹത്തിനെയും വിലയിരുത്തും,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
അതായത് മാർച്ച് പതിനഞ്ചാം തീയതി ലൂണ എത്തും. മാർച്ച് അവസാനത്തിലോ ഏപ്രിൽ മാസത്തിലോ ആയി സോറ്റിരിയോയും ക്ലബിനോടൊപ്പം ജോയിൻ ചെയ്യും. ഈ രണ്ട് താരങ്ങളും ഈ സീസണിൽ കളിക്കില്ലെങ്കിലും ക്ലബിനോടൊപ്പം ജോയിൻ ചെയ്യുന്നു എന്നുള്ളത് ശുഭകരമായ ഒരു വാർത്തയാണ്.അടുത്ത സീസണിൽ രണ്ട് താരങ്ങളും പൂർവാധികം ശക്തിയോടെ കൂടി തിരിച്ചെത്തും.