കേരള ബ്ലാസ്റ്റേഴ്സ് വളരെ മോശം സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 12 മത്സരങ്ങൾ കളിച്ചപ്പോൾ അതിൽ 7 മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു.നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും ബ്ലാസ്റ്റേഴ്സിന് തുടർ തോൽവികൾ വഴങ്ങേണ്ടിവന്നു. അതേത്തുടർന്ന് മുഖ്യ പരിശീലകനായ മികയേൽ സ്റ്റാറേയെ ക്ലബ്ബ് പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സ് ഇനി അടുത്ത മത്സരം കൊൽക്കത്ത ക്ലബ്ബായ മുഹമ്മദൻ എസ്സിക്കെതിരെയാണ് കളിക്കുക.വരുന്ന ഞായറാഴ്ചയാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനം ഇന്ന് ഉച്ചക്ക് 11:30നാണ് അരങ്ങേറുക. ഇതിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താൽക്കാലിക പരിശീലകനായ ടിജി പുരുഷോത്തമനും ക്ലബ്ബിന്റെ നായകനായ അഡ്രിയാൻ ലൂണയുമാണ് പങ്കെടുക്കുക.
എന്നാൽ ഇക്കാര്യത്തിൽ ചില അഭിപ്രായങ്ങൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ഉയർന്നിട്ടുണ്ട്.അതായത് അഡ്രിയാൻ ലൂണ ഇത് നാലാം തവണയാണ് പ്രസ്സ് കോൺഫറൻസിൽ പങ്കെടുക്കുന്നത്. മോശം സമയത്തിലൂടെ പോകുന്നതുകൊണ്ട് തന്നെ മറ്റു പല താരങ്ങളും മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ മടിക്കുന്നുണ്ട്.ഇതാണ് ചില ആരാധകർ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. പ്രസ് കോൺഫറൻസ് ലൂണക്ക് മാത്രമല്ല ബാധകമെന്നും മറ്റുള്ള താരങ്ങൾ കൂടി മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ ധൈര്യം കാണിക്കണം എന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.
എന്നാൽ ടീമിന്റെ ക്യാപ്റ്റനായ ലൂണ തന്നെ പലപ്പോഴും ആ ചുമതല ഏറ്റെടുക്കുകയാണ് ചെയ്യാറുള്ളത്.മികയേൽ സ്റ്റാറേ ടീമിനോടൊപ്പം ഇല്ലാത്തതു കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങൾ പുരുഷോത്തമനും ലൂണക്കും നേരിടേണ്ടി വന്നേക്കും. പുരുഷോത്തമനും തോമസ് തോർസും കൂടി ചേർന്നുകൊണ്ടാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുന്നത്.എന്നാൽ അധികം വൈകാതെ തന്നെ ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ പ്രഖ്യാപിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.