കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം,അത് അഡ്രിയാൻ ലൂണയാണ് എന്നുള്ള കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല.ഈ സീസണിൽ തുടക്കത്തിൽ തകർപ്പൻ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. അതിന്റെ പ്രധാന കാരണം ലൂണ തന്നെയായിരുന്നു. പരിക്ക് മൂലം അദ്ദേഹത്തെ നഷ്ടമായതോടുകൂടി താരത്തിന്റെ വിടവ് ബ്ലാസ്റ്റേഴ്സ് അറിഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ടത്തിൽ വളരെ മോശം പ്രകടനമാണ് താരത്തിന്റെ അഭാവത്തിൽ ക്ലബ്ബ് നടത്തിയത്. ഇപ്പോൾ ലൂണയുടെ തിരിച്ച് വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്. അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ജോയിൻ ചെയ്തിട്ടുണ്ട്. മാത്രമല്ല വ്യക്തിഗത പരിശീലനം ഇപ്പോൾ അദ്ദേഹം നടത്തുന്നുണ്ട്.താരം പ്ലേ ഓഫ് മത്സരത്തിനെങ്കിലും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഒഡീഷ എഫ്സിക്കെതിരെ ഒരു മനോഹരമായ ഗോൾ അഡ്രിയാൻ ലൂണ ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തമാക്കിയിരുന്നു. ഗോൾകീപ്പറുടെ തലക്ക് മുകളിലൂടെ ചിപ് ചെയ്തു കൊണ്ട് ബോളിനെ വലയിൽ എത്തിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ നായകൻ ചെയ്തിരുന്നത്.അത് നേരത്തെ തന്നെ വൈറലായതാണ്.ഇപ്പോൾ ഒരിക്കൽ കൂടി ആ ഗോൾ ശ്രദ്ധ നേടുകയാണ്.
അതായത് ഇൻസ്റ്റഗ്രാമിലെ പ്രമുഖ ഫുട്ബോൾ പേജ് ആയ 433 ലൂണയുടെ ഈ ഗോൾ പോസ്റ്റ് ചെയ്തിരുന്നു.ഈ വീഡിയോയാണ് പ്രശസ്ത ഇൻഫ്ലുവൻസറായ ഖാബി ലൈം തന്റെ സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.അഡ്രിയാൻ ലൂണയും കേരള ബ്ലാസ്റ്റേഴ്സും ലോകത്തോളം വളർന്നു എന്ന് തന്നെ പറയാം. കാരണം 80 മില്യണിലധികം ഫോളോവേഴ്‌സ് ഉള്ള വ്യക്തിയാണ് ഖാബി ലൈം. അദ്ദേഹം ഇത് പങ്കുവെച്ചതോടെ ബ്ലാസ്റ്റേഴ്സും ലൂണയും കൂടുതൽ പ്രശസ്തിയിലേക്ക് ഉയരുകയാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളുകളും സ്റ്റേഡിയത്തിലെ അന്തരീക്ഷവും ഒക്കെ അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്തയാക്കാറുണ്ട്.അക്കൂട്ടത്തിലേക്ക് മറ്റൊന്നുകൂടി ചേരുകയാണ്.ഈ സീസണിൽ മൂന്ന് ഗോളുകളും 4 അസിസ്റ്റുകളും ലൂണ സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ മടങ്ങിവരവ് ഉടൻ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷകൾ.