അഡ്രിയാൻ ലൂണ കളിക്കില്ല: സ്ഥിരീകരിച്ച് ഇവാൻ വുക്മനോവിച്ച്
ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള ആദ്യത്തെ മത്സരത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങുകയാണ്. എതിരാളികൾ ജംഷെഡ്പൂർ എഫ്സിയാണ്. നാളെ രാത്രി 7:30ന് നടക്കുന്ന മത്സരം ജംഷഡ്പൂരിൽ വെച്ചുകൊണ്ടാണ് അരങ്ങേറുന്നത്.കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വിജയം അനിവാര്യമായ ഒരു സന്ദർഭമാണിത്.
എന്തെന്നാൽ തോൽവികളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് വഴങ്ങിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ അഞ്ചു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ തിരിച്ചടി തന്നെയാണ്. പരിക്ക് കാരണം ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.
എന്നാൽ അദ്ദേഹം മടങ്ങിയെത്തുകയും കേരള ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്യുകയും ചെയ്തിട്ടുണ്ട്.വ്യക്തിഗത പരിശീലനം അദ്ദേഹം ഇപ്പോൾ നടത്തുന്നുണ്ട്. നാളത്തെ മത്സരത്തിൽ അഡ്രിയാൻ ലൂണ കളിക്കില്ല എന്നുള്ള കാര്യം പരിശീലകനായ ഇവാൻ വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്.എന്നാൽ ശരിയായ സമയത്ത് ലൂണ തിരിച്ചെത്തുമെന്നും ഇവാൻ വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
നാളത്തെ മത്സരത്തിൽ അഡ്രിയാൻ ലൂണ കളിക്കുകയില്ല. ഇത്തരം മത്സരങ്ങൾ കളിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. കേവലം പത്തിലധികം ദിവസങ്ങൾ മാത്രമാണ് അദ്ദേഹം മെഡിക്കൽ സ്റ്റാഫിനോടൊപ്പം ജോയിൻ ചെയ്തിട്ട് പിന്നിട്ടിട്ടുള്ളത്.ശരിയായ സമയം ഞങ്ങൾ തിരഞ്ഞെടുക്കുക തന്നെ ചെയ്യും.അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾ ജാഗ്രത പാലിക്കണം.കാരണം അദ്ദേഹം വളരെ പ്രധാനപ്പെട്ട ഒരു താരമാണ്,വുക്മനോവിച്ച് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്.ആ പ്ലേ ഓഫ് മത്സരത്തിലെങ്കിലും അദ്ദേഹം തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടി കൊണ്ട് ഐഎസ്എല്ലിൽ തകർപ്പൻ പ്രകടനം നടത്തിവരികയായിരുന്നു ലൂണ. അതിനിടെയാണ് പരിക്ക് അദ്ദേഹത്തെ പിടികൂടിയത്.