കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങുന്ന തുടർ തോൽവികളിൽ ആരാധകർക്ക് മനം മടുത്തിരിക്കുകയാണിപ്പോൾ. അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ നാലിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതിൽ മൂന്ന് തോൽവികളും സ്വന്തം മൈതാനത്ത് വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയിട്ടുള്ളത്. ആകെ ആശ്വസിക്കാൻ കഴിയുന്ന കാര്യം ചെന്നൈയിൻ എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിക്കാൻ കഴിഞ്ഞു എന്നുള്ളതാണ്.
പക്ഷേ അതിന്റെ സന്തോഷത്തിന് കേവലം കുറച്ച് ദിവസങ്ങളുടെ ആയുസ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.എന്തെന്നാൽ കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഗോവയോട് പരാജയപ്പെടുകയും ചെയ്തു. മത്സരത്തിൽ ശുഭകരമായ ഒരു പ്രകടനമല്ല ബ്ലാസ്റ്റേഴ്സ് നടത്തിയത്. പല മേഖലകളിലും ബ്ലാസ്റ്റേഴ്സിന് പോരായ്മകൾ ഉണ്ട് എന്ന് നിഴലിച്ച് കണ്ടിരുന്നു. വ്യക്തിഗത പിഴവുകൾ വീണ്ടും വീണ്ടും ആവർത്തിക്കുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്.
ഇനി ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക ചിരവൈരികളായ ബംഗളൂരു എഫ്സിക്കെതിരെയാണ്.ഡിസംബർ ഏഴാം തീയതി,അഥവാ വരുന്ന ശനിയാഴ്ചയാണ് ഈ മത്സരം നടക്കുക.ബംഗളൂരു എഫ്സിയെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ശക്തമായി തിരിച്ചുവരും എന്ന കാര്യം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേ പറഞ്ഞിട്ടുണ്ട്.കഴിഞ്ഞ മത്സരത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിശീലകൻ പറഞ്ഞത് നമുക്ക് നോക്കാം.
“ഈ മത്സരത്തിന്റെ കാര്യത്തിൽ എന്റെ താരങ്ങൾ എല്ലാവരും നിരാശരാണ് എന്ന കാര്യം എനിക്കറിയാം. പക്ഷേ അടുത്ത ബംഗളൂരു എഫ്സിക്കെതിരെയുള്ള മത്സരത്തിനു മുന്നോടിയായി അവർ എല്ലാവരും ഓക്കേയാവും. ഞങ്ങൾ ശക്തമായി തിരിച്ചുവരിക തന്നെ ചെയ്യും ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കൊച്ചിയിൽ വെച്ചുകൊണ്ട് നടന്ന കഴിഞ്ഞ ബംഗളൂരു എഫ്സിക്കെതിരെയുള്ള മത്സരം ആരാധകർ മറക്കാൻ സാധ്യതയില്ല. മത്സരത്തിൽ ആധിപത്യം പുലർത്തിയതും കൂടുതൽ ആക്രമണങ്ങൾ സംഘടിപ്പിച്ചതും കേരള ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു.പക്ഷേ നിർഭാഗ്യവശാൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. അതിന് പ്രതികാരം തീർക്കാൻ അവരുടെ തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കുമോ എന്നുള്ളത് മാത്രമാണ് ഇനി ആരാധകർക്ക് അറിയേണ്ട കാര്യം.