ISLൽ അടുത്ത സീസൺ മുതൽ VAR ഉണ്ടാവും?

ഐഎസ്എല്ലിൽ അവസാനമായി നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു കൊച്ചിയിൽ വെച്ചുകൊണ്ട് പരാജയപ്പെട്ടത്.യഥാർത്ഥത്തിൽ ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയം അർഹിച്ചിരുന്നില്ല.പക്ഷേ റഫറിയുടെ മണ്ടൻ തീരുമാനങ്ങളാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിട്ടുള്ളത്.

ഹൈദരാബാദിന് അനുകൂലമായി റഫറി നൽകിയ പെനാൽറ്റി ഒരിക്കലും അവർ അർഹിച്ചിരുന്നില്ല. പെനാൽറ്റി ബോക്സിനകത്ത് ഹോർമിപാം ഹാന്റ് ബോൾ വഴങ്ങിയിട്ടില്ല എന്നുള്ളത് വളരെ വ്യക്തമാണ്. പക്ഷേ റഫറി പെനാൽറ്റി നൽകുകയായിരുന്നു.ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ നടത്തിയിട്ടുള്ളത്.

വീഡിയോ അസിസ്റ്റന്റ് റഫറിയിങ് അഥവാ വാർ സിസ്റ്റം ഐഎസ്എല്ലിൽ നടപ്പിലാക്കണം എന്ന ആവശ്യം ഒരുപാട് കാലമായി ആരാധകർ ഉയർത്തുന്നതാണ്. അതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഇപ്പോൾ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പുറത്തു വിട്ടിട്ടുണ്ട്. അതായത് അടുത്ത ഐഎസ്എൽ സീസണിൽ വാർ വരാൻ സാധ്യതയുണ്ട്.അടുത്ത സീസണിൽ നടപ്പിലാക്കാൻ കഴിയും എന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രതീക്ഷിക്കുന്നത് എന്നാണ് PTI റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വാർ വരുമെന്ന് ഉറപ്പിച്ച് പറയാനായിട്ടില്ല.പക്ഷേ ഈ റിപ്പോർട്ട് ഒരു ശുഭ സൂചനയാണ്.എന്നാൽ നേരത്തെയും ഇത്തരം വാഗ്ദാനങ്ങൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നൽകിയിരുന്നു.പക്ഷേ അതൊന്നും പാലിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.വാർ ലൈറ്റ് കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് അത് നടപ്പിലാക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. പക്ഷേ ഒരുപാട് കാലമൊന്നും വാർ നടപ്പിലാക്കാതെ ഇന്ത്യൻ ഫുട്ബോളിന് മുന്നോട്ട് പോകാൻ സാധിക്കില്ല. അതുകൊണ്ട് ഉടൻതന്നെ ഇക്കാര്യത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പരിഹാരം കണ്ടേക്കും.

Kerala BlastersVAR
Comments (0)
Add Comment