ഐഎസ്എൽ വമ്പൻമാരായ മുംബൈ സിറ്റി ഒരല്പം പ്രതിസന്ധി സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ലീഗ് മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയോട് അവർ പരാജയപ്പെട്ടിരുന്നു. രണ്ട് ഗോളുകളുടെ ലീഡ് നേടിയ ശേഷം മൂന്ന് ഗോളുകൾ വഴങ്ങിക്കൊണ്ട് അവർ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. മാത്രമല്ല ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരുപിടി താരങ്ങൾ ക്ലബ്ബിനോട് വിട പറയുകയും ചെയ്തു.ഗ്രെഗ് സ്റ്റുവർട്ടായിരുന്നു ആദ്യം ക്ലബ്ബ് വിട്ടിരുന്നത്.
അതിനുശേഷം റോസ്റ്റിൻ ഗ്രിഫിത്ത്സും എൽ കയാത്തിയും ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിരുന്നു. മാത്രമല്ല കലിംഗ സൂപ്പർ കപ്പിന്റെ സെമിയിലായിരുന്നു അവർ പുറത്തായിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് ഒഡീഷ അവരെ തോൽപ്പിക്കുകയായിരുന്നു.മത്സരത്തിന്റെ അവസാനത്തിൽ നിരവധി വിവാദ സംഭവങ്ങൾ നടന്നിരുന്നു.
അതുകൊണ്ടുതന്നെ മുംബൈ താരങ്ങളായ റോസ്റ്റിൻ ഗ്രിഫിത്ത്സ്,ജോർഹെ പെരേര ഡയസ്,ഗുർകീരത് സിംഗ് എന്നിവർക്ക് റെഡ് കാർഡ് ലഭിച്ചിരുന്നു. എതിർ താരങ്ങളുമായും പരിശീലകനുമായും റഫറിയുമായും ഇവർ പ്രശ്നത്തിൽ ഏർപ്പെടുകയായിരുന്നു. മാത്രമല്ല കാണികളോട് വരെ അശ്ലീല ആംഗ്യം ഇവർ കാണിച്ചത് വലിയ വിവാദമായിരുന്നു. ഇക്കാര്യത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക കമ്മറ്റി ഇപ്പോൾ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.ഡയസ്,ഗ്രിഫിത്ത്സ് എന്നിവർ കുറ്റക്കാരാണ് എന്ന് അച്ചടക്ക കമ്മിറ്റി കണ്ടെത്തുകയായിരുന്നു.
ഗ്രിഫിത്ത്‌സിന് 5 മത്സരങ്ങളിൽ നിന്നാണ് AIFF വിലക്ക് നൽകിയിട്ടുള്ളത്. പക്ഷേ അദ്ദേഹം ക്ലബ്ബ് വിട്ടു കഴിഞ്ഞു. ഇനി ഇന്ത്യയിലെ മറ്റേതെങ്കിലും ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുകയാണെങ്കിലാണ് ഈ വിലക്ക് അദ്ദേഹത്തിന് ബാധകമാവുക. അതുപോലെതന്നെ പെരേര ഡയസിന് നാല് മത്സരങ്ങളിൽ നിന്നാണ് വിലക്ക് ലഭിച്ചിട്ടുള്ളത്. അടുത്ത നാലു മത്സരങ്ങൾ മുംബൈയ്ക്ക് വേണ്ടി കളിക്കാൻ അദ്ദേഹത്തിന് കഴിയില്ല എന്ന് പറയുമ്പോൾ അത് മുംബൈയ്ക്ക് വളരെ വലിയ തിരിച്ചടിയാണ്. അവരുടെ വളരെ പ്രധാനപ്പെട്ട സ്ട്രൈക്കറെയാണ് നഷ്ടമായിട്ടുള്ളത്.
11 ലീഗ് മത്സരങ്ങളിൽ നിന്ന് 6 ഗോളുകളാണ് ഡയസ് നേടിയിട്ടുള്ളത്. ഏതായാലും മുംബൈയിൽ പ്രതിസന്ധി ഇപ്പോൾ അതിരൂക്ഷമായി കഴിഞ്ഞു. പ്രധാനപ്പെട്ട വിദേശ താരങ്ങളുടെ അസാന്നിധ്യത്തിലാണ് അവർക്ക് ഇപ്പോൾ കളിക്കേണ്ടി വരിക.നിലവിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് മുംബൈ സിറ്റി ഉള്ളത്. 12 മത്സരങ്ങളിൽ നിന്ന് 6 വിജയങ്ങൾ മാത്രം നേടിയ അവർ 22 പോയിന്റാണ് സ്വന്തമാക്കിയിട്ടുള്ളത്.