കേരളത്തിലെ ഫുട്ബോൾ ആരാധകർ ലോകപ്രശസ്തമാണ് എന്ന് തന്നെ പറയേണ്ടിവരും.ഖത്തർ വേൾഡ് കപ്പിന്റെ സമയത്ത് ഇന്റർനാഷണൽ മാധ്യമങ്ങൾ പോലും ഇവിടുത്തെ ഫുട്ബോൾ ആരാധകരുടെ ക്രേസ് വാർത്തയാക്കിയിരുന്നു. കേരളത്തിൽ തന്നെ ഫുട്ബോളിന് ഏറ്റവും കൂടുതൽ വേരോട്ടമുള്ളത് മലപ്പുറത്താണ്. മഞ്ചേരിയിൽ മത്സരങ്ങൾ സംഘടിപ്പിച്ചപ്പോൾ എല്ലാം അത് വലിയ വിജയമായ ചരിത്രം മാത്രമാണ് ഉള്ളത്.
സന്തോഷ് ട്രോഫിയിലെ ജനപങ്കാളിത്തമൊക്കെ ഇന്ത്യയിൽ തന്നെ വലിയ ചർച്ചയായ ഒരു കാര്യമാണ്.ഇപ്പോൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ രണ്ട് ചാരിറ്റി മത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിലൊന്ന് മഞ്ചേരിയിലാണ്.മറ്റൊന്ന് ലക്നൗവിലായിരിക്കും നടക്കുക.ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഇപ്പോൾ വന്നു കഴിഞ്ഞിട്ടുണ്ട്.
അതായത് രണ്ട് ചാരിറ്റി മത്സരങ്ങൾ സംഘടിപ്പിക്കാനാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആലോചിക്കുന്നത്.അതിലൊന്ന് വയനാടിനെ സഹായിക്കാൻ വേണ്ടിയാണ്. മറ്റൊന്ന് ഹിമാചൽ പ്രദേശിനെ സഹായിക്കാൻ വേണ്ടിയാണ്. പ്രകൃതിദുരന്തം ഹിമാചൽ പ്രദേശിനെയും ബാധിച്ചിരുന്നു.ആദ്യ മത്സരം ഓഗസ്റ്റ് മുപ്പതാം തീയതിയാണ് അരങ്ങേറുക. മഞ്ചേരിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഒരു ഭാഗത്ത് നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ മുഹമ്മദൻ എസ്സിയാണ് ബൂട്ടണിയുക. മറുഭാഗത്ത് സൂപ്പർ ലീഗ് കേരള ഇലവനും ഇറങ്ങും.
അതായത് 6 ടീമുകൾ മാറ്റുരയ്ക്കുന്ന സൂപ്പർ ലീഗ് കേരള നടക്കാനിരിക്കുകയാണ്. അതിലെ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു ഇലവൻ നിർമ്മിക്കും. അവരായിരിക്കും മുഹമ്മദൻ എസ്സിയെ ഈ ചാരിറ്റി മത്സരത്തിൽ നേരിടുക.ആദ്യ മത്സരത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ ഇതൊക്കെയാണ്.രണ്ടാമത്തെ മത്സരം സെപ്റ്റംബർ രണ്ടിനാണ് നടക്കുക.ലക്നോവിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ആരൊക്കെ തമ്മിലാണ് ഏറ്റുമുട്ടുക എന്നത് വ്യക്തമല്ല.
ഇതിലൂടെ ലഭിക്കുന്ന വരുമാനം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ചാരിറ്റിക്ക് വേണ്ടിയാണ് ഉപയോഗപ്പെടുത്തുക. ഏതായാലും മഞ്ചേരിയിൽ വച്ച് നടക്കുന്ന മത്സരത്തിൽ വൻ ജനപങ്കാളിത്തം ഉണ്ടാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.