യൂറോ കപ്പിലെ നിയമം ISLലും വരുന്നു,ഇനി താരങ്ങൾ സൂക്ഷിക്കണം!
അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനു വേണ്ടിയുള്ള ഒരുക്കങ്ങൾ ഇപ്പോൾ എല്ലാ ക്ലബുകളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവിൽ ട്രാൻസ്ഫർ വിൻഡോയിൽ എല്ലാ ക്ലബ്ബുകളും സജീവമാണ്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. തായ്‌ലാൻഡിൽ വെച്ചുകൊണ്ടാണ് ഇത്തവണ ഒരുക്കങ്ങൾ നടത്തുന്നത്. ഇന്നലെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ട്രെയിനിങ് നടത്തുകയും ചെയ്തു.
ജൂലൈ 26 തീയതിയാണ് ഇത്തവണത്തെ ഇന്ത്യൻ ഫുട്ബോൾ സീസണിന് തുടക്കമാവുക.ഡ്യൂറന്റ് കപ്പാണ് ആദ്യം നടക്കുക. അതിനുശേഷമാണ് ഐഎസ്എൽ ആരംഭിക്കുക. പിന്നീട് അതിനിടയിൽ സൂപ്പർ കപ്പ് നടക്കുകയും ചെയ്യും. ഏതായാലും ഇത്തവണയെങ്കിലും കിരീട വരൾച്ചക്ക് വിരാമമിടാൻ ക്ലബ്ബിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷകൾ.
ഇതിനിടക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തങ്ങളുടെ നിയമത്തിൽ ചെറിയ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യൂറോ കപ്പിലെ നിയമം കൊണ്ടുവരികയാണ് AIFF ചെയ്തിട്ടുള്ളത്. അതായത് നിലവിൽ യൂറോ കപ്പിൽ ടീമിലെ ക്യാപ്റ്റന് മാത്രമാണ് റഫറിയിൽ നിന്നും വിശദീകരണം തേടാനുള്ള അനുമതിയുള്ളത്. അതായത് റഫറിയോട് സംസാരിക്കാനുള്ള അനുമതി ക്യാപ്റ്റന് മാത്രമാണ് ഉള്ളത്. അല്ലാത്ത ഏതെങ്കിലും താരങ്ങൾ റഫറിയോട് കൂടുതലായിട്ട് സംസാരിച്ചാൽ അവർക്ക് യെല്ലോ കാർഡ് ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കും.
ആ നിയമമാണ് ഇപ്പോൾ AIFF ഇന്ത്യൻ ഫുട്ബോളിലേക്ക് കൊണ്ടുവരുന്നത്. അതായത് ഇനി മത്സരത്തിലെ റഫറിയോട് വിശദീകരണം തേടാനും സംസാരിക്കാനുമുള്ള അനുമതി ക്യാപ്റ്റന് മാത്രമായിരിക്കും ഉണ്ടാവുക. അല്ലാത്ത താരങ്ങൾക്ക് വാണിംഗും മറ്റുള്ള ശിക്ഷകളും ലഭിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. അതായത് ഐഎസ്എൽ താരങ്ങൾ ഇനി കളിക്കളത്തിൽ റഫറിയോട് വളരെ സൂക്ഷിച്ച് പെരുമാറണം എന്നർത്ഥം.അല്ലാത്തപക്ഷം കാർഡ് വഴങ്ങാനുള്ള സാധ്യതകൾ ഏറെയാണ്.