AIFF നീങ്ങുന്നത് പ്രതിസന്ധിയിലേക്ക്,ഗോവ കോച്ചും ആഞ്ഞടിച്ചു,ഇവിടെ നടക്കുന്നതെന്തെന്ന് മനസ്സിലാകുന്നില്ലെന്ന് മനോളോ.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇപ്പോൾ ഒരല്പം പ്രതിസന്ധിയിലാണ്. എന്തെന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിംഗ് അവർക്ക് ഒരു തലവേദനയാണ്.അത് പരിഹരിക്കാനുള്ള യാതൊരുവിധ നടപടിക്രമങ്ങളും അവർ സ്വീകരിച്ചിട്ടില്ല. മറിച്ച് റഫറിയിങ്ങിനെതിരെ പ്രതികരിക്കുന്നവരുടെ വാ മൂടി കെട്ടുകയാണ് ഇവർ ചെയ്യുന്നത്.ഇവാൻ വുക്മനോവിച്ചിന് അങ്ങനെയാണ് സസ്പെൻഷൻ ലഭിച്ചത്.
മോഹൻ ബഗാൻ പരിശീലകനായ യുവാൻ ഫെറാണ്ടോ റഫറി ക്രിസ്റ്റൽ ജോണിനെതിരെ രംഗത്ത് വന്നിരുന്നു. താരങ്ങളെ പ്രൊട്ടക്ട് ചെയ്യാത്തതിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രതിഷേധം. ഇപ്പോഴിതാ ഗോവയുടെ പരിശീലകനായ മനോളോ മാർക്കസ് AIFFനെതിരെ രംഗത്ത് വന്നിട്ടുണ്ട്. വരുന്ന കലിംഗ സൂപ്പർ കപ്പ്മായി ബന്ധപ്പെട്ടു കൊണ്ടാണ് ഇദ്ദേഹം വിമർശനങ്ങൾ ഉയർത്തിയിട്ടുള്ളത്.
സൂപ്പർ കപ്പിലെ നിയമങ്ങളിൽ മാറ്റം വരുത്തിയതും ട്രെയിനിങ് ഗ്രൗണ്ടിൽ ഉച്ചക്ക് കളിക്കേണ്ടി വരുന്നതിനെയുമെല്ലാം ഇദ്ദേഹം വിമർശിച്ചിട്ടുണ്ട്.AIFF ന്റെ പ്രവർത്തികൾ തനിക്കൊട്ടും മനസ്സിലാകുന്നില്ല എന്നാണ് ദേഷ്യത്തോടെ മനോളോ മാർക്കസ് പറഞ്ഞിട്ടുള്ളത്.ടൈംസ് ഓഫ് ഇന്ത്യയാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട് ചെയ്തത്.
ഞാൻ നാല് സീസണുകൾ ഇവിടെ ചിലവഴിച്ചു.ഈ രാജ്യത്തെ ഞാൻ ഇഷ്ടപ്പെടുന്നു. പക്ഷേ എനിക്കിപ്പോഴും ഇവിടുത്തെ പല കാര്യങ്ങളും മനസ്സിലാകുന്നില്ല.ഓരോ ആഴ്ചയിലും നിയമങ്ങൾ മാറ്റാൻ നിങ്ങൾക്ക് കഴിയില്ല. ആദ്യം നിങ്ങൾ തീരുമാനിച്ചു നാളെ വിദേശ താരങ്ങളെ മാത്രമേ കളിപ്പിക്കാൻ കഴിയുകയുള്ളൂ എന്ന്. ഇപ്പോൾ നിങ്ങൾ അത് 6 താരങ്ങളെ കളിപ്പിക്കാം എന്നാക്കി. ആദ്യമത്സരം പ്രധാനപ്പെട്ട ഒരു സ്റ്റേഡിയത്തിൽ കളിക്കുന്നു. രണ്ടാമത്തെ മത്സരം കളിക്കേണ്ടി വരുന്നത് പരിശീലന മൈതാനത്ത്. അവസാന നിമിഷം എങ്ങനെയാണ് നിങ്ങൾ ഇത്തരത്തിൽ പ്ലാനുകൾ നടത്തുന്നത്.
ഐഎസ്എല്ലിന്റെ സെക്കൻഡ് ലെഗ് ഫിക്സ്ചർ ഇപ്പോഴും പുറത്തു വിട്ടിട്ടില്ല. അത് എങ്ങനെയാണ് സാധ്യമാകുന്നത്.ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ പ്രകടനത്തെ ആശ്രയിച്ചാണ് അത് നിലകൊള്ളുന്നത് എന്ന് നിങ്ങൾക്ക് പറയാം. പക്ഷേ ഇന്ത്യ മുന്നോട്ടു പോയാൽ എന്ത് ചെയ്യണം, ഇന്ത്യ പുറത്തായാൽ എന്ത് ചെയ്യണം എന്നതിനനുസരിച്ച് ഒരു പ്ലാൻ ഇവിടെ ഉണ്ടാക്കാമല്ലോ. ഒരു പ്ലാൻ ഇവിടെ ആവശ്യമാണ്,മനോളോ പറഞ്ഞു.
ചുരുക്കത്തിൽ പരിശീലകർ എല്ലാവരും ഫെഡറേഷനെതിരെ രംഗത്ത് വരുന്നുണ്ട്. തോന്നുന്ന പോലെയാണ് അവർ കാര്യങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. അധികം വൈകാതെ പ്രതിഷേധങ്ങൾ ശക്തമാവും എന്ന് ഉറപ്പാണ്.