ഇന്ത്യൻ സൂപ്പർ ലീഗ് മികച്ച രീതിയിൽ തന്നെ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പതിവ് പോലെ ഏറ്റവും വലിയ നെഗറ്റീവായി കൊണ്ട് മുഴച്ചു നിൽക്കുന്നത് മോശം റഫറിയിങ് തന്നെയാണ്. ചുരുക്കം ചില മത്സരങ്ങളെ മാറ്റി നിർത്തിയാൽ പല പ്രധാനപ്പെട്ട മത്സരങ്ങളിലും റഫറിമാരുടെ അബദ്ധങ്ങൾ ആവർത്തിച്ചിട്ടുണ്ട്.ഇതിനെതിരെ നിരവധി വിമർശനങ്ങൾ ഉയരുന്നുമുണ്ട്.
എല്ലാ ക്ലബ്ബിന്റെയും ആരാധകർക്കിടയിൽ മോശം റഫറിയിങ്ങിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്.കൂടാതെ പരിശീലകരും ഇപ്പോൾ പരസ്യമായി രംഗത്ത് വരാൻ തുടങ്ങിയിട്ടുണ്ട്.റഫറിമാരുടെ തുടർച്ചയായ അബദ്ധങ്ങളിലും അത് സംബന്ധിച്ച പരാതികളിലും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഇപ്പോൾ ആശങ്കയുണ്ട്. അവർ റഫറിമാരുടെ സംഘടനയുടെ ഒരു മീറ്റിംഗ് വിളിച്ചു ചേർത്തിരുന്നു.
ഈ ആശങ്കകളെ കുറിച്ച് അവർ സംസാരിച്ചിട്ടുണ്ട്. ഉടൻതന്നെ ഇതിനെല്ലാം പരിഹാരം കാണാൻ വേണ്ടിയുള്ള ശ്രമങ്ങളിലാണ് അവർ ഉള്ളത്. മാത്രമല്ല ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ കല്യാൺ ചൗബേ ക്ലബ്ബ് ഒഫീഷ്യൽസുകൾക്കും ആരാധകർക്കും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. മത്സരങ്ങളിലെ നിയമങ്ങളെക്കുറിച്ച് നിങ്ങളും പഠിക്കണം എന്നാണ് അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടിട്ടുള്ളത്.അനാവശ്യമായ വിമർശനങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടു വച്ചിട്ടുള്ളത്.
നമ്മൾ റഫറിമാരെ മാത്രം എജുക്കേറ്റ് ചെയ്താൽ പോരാ. മറിച്ച് ആരാധകരെയും ക്ലബ്ബ് ഒഫീഷ്യൽസിനേയും എജുക്കെറ്റ് ചെയ്യണം.റഫറിമാരുടെ നിയമങ്ങളെക്കുറിച്ച് കൃത്യമായ അറിവ് ഇല്ലാത്തതുകൊണ്ടാണ് പല വിമർശനങ്ങളും വരുന്നത്. ക്ലബ്ബ് തങ്ങളുടെ ആരാധകർക്ക് ബോധവൽക്കരണം നൽകണം. അതിന് അവർ മുൻകൈ എടുക്കുക തന്നെ വേണം,ഇതാണ് കല്യാൺ ചൗബേ പറഞ്ഞിട്ടുള്ളത്.
ആരാധകർ അറിവില്ലായ്മ മൂലം അനാവശ്യമായ വിമർശനങ്ങൾ ഉന്നയിക്കുന്നു എന്ന് തന്നെയാണ് അദ്ദേഹം ആരോപിക്കുന്നത്.റഫറിമാർക്ക് എതിരെ ഏറ്റവും കൂടുതൽ ശബ്ദിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ തന്നെയാണ്. ഈ ആരാധകരെയെല്ലാം ബോധവൽക്കരിക്കാൻ ക്ലബ്ബിനോട് കൂടി ആവശ്യപ്പെട്ടിരിക്കുകയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ.