കഴിഞ്ഞ ദിവസമായിരുന്നു തുർക്കിഷ് ഫുട്ബോളിൽ നിന്നും ഒരു വാർത്ത വന്നത്. അവിടുത്തെ ഫസ്റ്റ് ഡിവിഷനിലെ മത്സരത്തിനിടെ പ്രധാനപ്പെട്ട റഫറിക്ക് ആക്രമണങ്ങൾ നേരിടേണ്ടി വരികയായിരുന്നു. മത്സരശേഷം അങ്കരാഗുക്കു എന്ന ക്ലബ്ബിന്റെ പ്രസിഡണ്ടാണ് പ്രധാന റഫറിയെ ആക്രമിച്ചത്.അദ്ദേഹത്തിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു.
നിലത്ത് വീണ റഫറിക്ക് പിന്നീടും ചവിട്ടുകൾ ഏൽക്കേണ്ടിവന്നു.ഇത് പിന്നീട് വലിയ വിവാദമായി. തുർക്കിഷ് പ്രസിഡന്റ് ലീഗ് നിർത്തിവെച്ചു.ക്ലബ്ബ് പ്രസിഡന്റ് അറസ്റ്റിലാവുകയും ചെയ്തു. ഏതായാലും കഴിഞ്ഞ ദിവസം ഈ റഫറി ആശുപത്രി വിട്ടിട്ടുണ്ട്. റഫറിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ലോകം മുഴുവനും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ഈ ആക്രമണത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അപലപിച്ചിട്ടുണ്ട്.AIFFന്റെ പ്രസിഡണ്ടായ കല്യാൺ ചൗബേയാണ് ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ചിട്ടുള്ളത്. റഫറിയെ ആക്രമിച്ചത് ഒരിക്കലും ശരിയായ കാര്യമല്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. കല്യാൺ ചൗബേയുടെ വാക്കുകൾ ഇപ്രകാരമാണ്.
തുർക്കിഷ് ലീഗിലെ മത്സരത്തിന് ശേഷം അവിടുത്തെ റഫറിയായ ഹലീലിന് നേരെ ഉണ്ടായ ആക്രമണത്തിൽ AIFF അപലപിക്കുന്നു.ഈ നീചമായ ആക്രമണം ഫുട്ബോളിന്റെ ഒരു തലത്തിലും വെച്ചുപൊറുപ്പിക്കാൻ സാധിക്കുന്നതല്ല.ഏതൊരു സാഹചര്യമാണെങ്കിലും മാച്ച് ഒഫീഷ്യൽസിന് ബഹുമാനിക്കാനും സംരക്ഷിക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്, ഈ ഗെയിമിന്റെ ഭാഗമായ എല്ലാവരുടെയും ഉത്തരവാദിത്വമാണത്,ഇതാണ് ചൗബേ അറിയിച്ചിട്ടുള്ളത്.
ഇന്ത്യയിലെ റഫറിമാർക്ക് നേരെ ഗുരുതര ആരോപണങ്ങൾ ഉയരുന്ന ഒരു സമയം കൂടിയാണ് ഇത്. ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിയിങ് മിസ്റ്റേക്കുകൾ തുടരുകയാണ്. അതിനെതിരെ പ്രതികരിക്കുന്നവരെ പ്രതിക്കൂട്ടിൽ ആക്കുന്ന പ്രവർത്തനങ്ങളാണ് ഫെഡറേഷന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇക്കാര്യത്തിൽ പ്രതിഷേധങ്ങൾ വളരെ ശക്തമാണ്.