വലൻസിയയെ കത്തിച്ച് ചാമ്പലാക്കി വിനിയും റോഡ്രിയും,അഴിഞ്ഞാടി എംബപ്പേ,ഗോൾവേട്ട അവസാനിപ്പിക്കാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ.

ഈ സീസണിൽ പലപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വന്ന റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരങ്ങളാണ് വിനീഷ്യസും റോഡ്രിഗോയും.രണ്ടുപേരും ഈ സീസണിൽ ഗോളടിക്കാൻ ബുദ്ധിമുട്ടിയിരുന്നു. പക്ഷേ ഒരൊറ്റ മത്സരം കൊണ്ട് ഇരുവരും യഥാർത്ഥ രൂപം പുറത്തെടുത്തിട്ടുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വലൻസിയയെ പരാജയപ്പെടുത്തിയത്.

റോഡ്രിഗോയുടെ സംഹാരതാണ്ഡവമാണ് മത്സരത്തിൽ കാണാൻ കഴിഞ്ഞത്.രണ്ട് ഗോളുകൾക്ക് പുറമേ രണ്ട് അസിസ്റ്റുകളും മത്സരത്തിൽ അദ്ദേഹം നേടി. രണ്ട് ഗോളുകൾ നേടിക്കൊണ്ട് വിനീഷ്യസും മത്സരത്തിൽ തിളങ്ങി.ഡാനി കാർവഹലാണ് ശേഷിച്ച ഗോൾ നേടിയത്.ടോണി ക്രൂസ്,ഫ്രാൻ ഗാർഷ്യ എന്നിവർ ഓരോ അസിസ്റ്റുകളും മത്സരത്തിൽ സ്വന്തമാക്കി.വിജയം സ്വന്തമാക്കിയെങ്കിലും റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തന്നെയാണ് ഉള്ളത്. ഒന്നാം സ്ഥാനത്തുള്ള ജിറോണക്ക് 34 പോയിന്റുകളും രണ്ടാം സ്ഥാനത്തുള്ള റയലിന് 32 പോയിന്റുകളുമാണ് ഉള്ളത്.

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജി ഒരു ഗംഭീര വിജയം നേടിയിട്ടുണ്ട്. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് റെയിംസിനെ അവരുടെ മൈതാനത്ത് പിഎസ്ജി പരാജയപ്പെടുത്തിയത്.എംബപ്പേയുടെ അഴിഞ്ഞാട്ടമാണ് മത്സരത്തിൽ കാണാനായത്.ഹാട്രിക്ക് ഗോൾ നേട്ടമാണ് അദ്ദേഹം നേടിയത്.ഡെമ്പലെ,സോളർ,ബാർകോള എന്നിവരുടെ അസിസ്റ്റുകളിൽ നിന്നാണ് എംബപ്പേ ഗോളുകൾ നേടിയത്. വിജയത്തോടെ പിഎസ്ജി ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഗോൾ വേട്ട തുടരുകയാണ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ നസ്ർ അൽ വഹ്ധയെ പരാജയപ്പെടുത്തിയത്.ടെല്ലസിന്റെ ഒരു കിടിലൻ ഫ്രീകിക്ക് ഗോൾ ഈ മത്സരത്തിൽ ഉണ്ടായിരുന്നു. മത്സരത്തിന്റെ 49ആം മിനിട്ടിലായിരുന്നു റൊണാൾഡോയുടെ ഗോൾ പിറന്നത്. 13 മത്സരങ്ങളിൽ നിന്ന് 31 പോയിന്റ് ഉള്ള അൽ നസ്ർ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.ആകെ 12 ലീഗ് മത്സരങ്ങൾ കളിച്ച റൊണാൾഡോ 13 ഗോളുകളും 7 അസിസ്റ്റുകളും സ്വന്തമാക്കി കഴിഞ്ഞു.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ബയേൺ വിജയം സ്വന്തമാക്കിയിട്ടുണ്ട്.4-2 എന്ന സ്കോറിനായിരുന്നു അവരുടെ വിജയം.ഹാരി കെയ്ൻ ഇരട്ട ഗോളുകൾ നേടി. അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർ വിജയം കരസ്ഥമാക്കിയപ്പോൾ ടോട്ടൻ ഹാം,ന്യൂകാസിൽ യുണൈറ്റഡ് എന്നിവർ പരാജയം രുചിച്ചിട്ടുണ്ട്.

Cristiano RonaldoKylian MbappeRodrygoVinicius Jr
Comments (0)
Add Comment