പ്രതിരോധത്തിന്റെ മൂർച്ച കൂട്ടാൻ അവനെത്തി,ബ്ലാസ്റ്റേഴ്സിന്റെ ഗോൾ മഴയും കണ്ടു!
ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന മത്സരത്തിൽ അതിഗംഭീരമായ ഒരു വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് CISF പ്രൊട്ടക്ടേഴ്സിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ തുടക്കം മുതലേ ബ്ലാസ്റ്റേഴ്സ് തന്നെയാണ് കളി നിയന്ത്രിച്ചത്. ആദ്യ പകുതിയിൽ തന്നെ ആറ് ഗോളുകൾ നേടിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് വമ്പൻ വിജയം ഉറപ്പിച്ചിരുന്നു.
നോഹ് സദോയിയുടെ ഹാട്രിക്കാണ് കേരള ബ്ലാസ്റ്റേഴ്സിന് ഈ ഒരു തകർപ്പൻ വിജയം സമ്മാനിച്ചത്. 3 ഗോളുകൾക്ക് പുറമേ 2 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. അതേസമയം പെപ്രയും മത്സരത്തിൽ പൊളിച്ചടുക്കിയിട്ടുണ്ട്. ഒരു ഗോളും മൂന്ന് അസിസ്റ്റുകളുമാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഇരട്ട സഹോദരങ്ങളായ ഐമനും അസ്ഹറും ഈ മത്സരത്തിൽ ഗോൾ നേടി എന്നതും സവിശേഷമായ ഒരു കാര്യമാണ്. കൂടാതെ നവോച്ച സിംഗ് ഈ മത്സരത്തിൽ ഒരു ഗോൾ കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതോടെ അടുത്ത ക്വാർട്ടർ ഫൈനൽ മത്സരത്തിന് ബ്ലാസ്റ്റേഴ്സ് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.ഈ ഡ്യൂറന്റ് കപ്പിനുള്ള സ്‌ക്വാഡ് രജിസ്റ്റർ ചെയ്ത സമയത്ത് പുതിയ സൈനിങ്ങ് ആയ അലക്സാൻഡ്രേ കോയെഫിനേയും കേരള ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ഡിഫൻഡർ ടീമിനോടൊപ്പം ജോയിൻ ചെയ്തിട്ടുണ്ട്.ഇന്നലെയായിരുന്നു ഈ ഫ്രഞ്ച് താരം കൊൽക്കത്തയിൽ എത്തിയത്.
കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഒരു വീഡിയോയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.മാത്രമല്ല ഇന്നലത്തെ ബ്ലാസ്റ്റേഴ്സിന്റെ മത്സരം വീക്ഷിക്കാൻ അദ്ദേഹം ഉണ്ടാവുകയും ചെയ്തിരുന്നു.ബ്ലാസ്റ്റേഴ്സിന്റെ ഗോൾമഴ അദ്ദേഹത്തിന് കാണാൻ സാധിക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിലെ മറ്റു താരങ്ങളോടൊപ്പമാണ് അദ്ദേഹം ഗാലറിയിൽ കളി വീക്ഷിക്കാൻ എത്തിയിരുന്നത്. അധികം വൈകാതെ തന്നെ ടീമിനോടൊപ്പം അദ്ദേഹം ട്രെയിനിങ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാൽ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ താരം കളിക്കുമോ എന്നുള്ളത് വ്യക്തമല്ല.സെന്റർ ബാക്ക് പൊസിഷനിലാണ് താരം പ്രധാനമായും കളിക്കുക. ലാലിഗയിലും ഫ്രഞ്ച് ലീഗിലും ഒക്കെ പരിചയ സമ്പത്തുള്ള താരമാണ് കോയെഫ്. അദ്ദേഹത്തിന്റെ വരവ് പ്രതിരോധത്തിന് മൂർച്ച കൂട്ടുമെന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.