ആൽവരോ വാസ്ക്കസിനെ വേണ്ടെന്ന് വെച്ച് പെപ്രയെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തു,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മർഗുലാവോ.
2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത സ്പാനിഷ് താരമാണ് ആൽവരോ വാസ്ക്കസ്.ഇവാൻ വുക്മനോവിച്ച് ആദ്യമായി പരിശീലിപ്പിച്ച ആ സീസൺ എന്തുകൊണ്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച ഒരു സീസൺ തന്നെയായിരുന്നു. പക്ഷേ അതിനുശേഷം ആൽവരോ വാസ്ക്കസും ജോർഹേ പെരീര ഡയസും ക്ലബ്ബ് വിട്ടു. അതുകൊണ്ടുതന്നെ പിന്നീട് ആ പ്രകടനം ആവർത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല.
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് എപ്പോഴും ഇഷ്ടമുള്ള ഒരു താരമാണ് വാസ്ക്കസ്. മാത്രമല്ല അദ്ദേഹം ബ്ലാസ്റ്റേഴ്സിനെയും വളരെയധികം നെഞ്ചിലേറ്റുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് വിട്ടതിനുശേഷം മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്സി ഗോവയിലേക്കായിരുന്നു അദ്ദേഹം പോയിരുന്നത്.എന്നാൽ അവിടെ അദ്ദേഹത്തിന് തിളങ്ങാൻ സാധിച്ചില്ല എന്നത് മാത്രമല്ല വേണ്ടത്ര അവസരങ്ങൾ ലഭിച്ചതുമില്ല.അതുകൊണ്ടുതന്നെ അദ്ദേഹം പിന്നീട് ഗോവ വിടുകയും ചെയ്തു.
നിലവിൽ സ്പെയിനിൽ തേർഡ് ഡിവിഷൻ ക്ലബ്ബിലാണ് ഈ താരം കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ തിരികെ എത്തിക്കും എന്ന റൂമറുകൾ ഉണ്ടായിരുന്നു.പക്ഷേ അത് എവിടെയും എത്താതെ പോവുകയായിരുന്നു. അതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഇപ്പോൾ പ്രമുഖ പത്രപ്രവർത്തകനായ മാർക്കസ് മർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് ആൽവരോ വാസ്കസിനെ കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാനുള്ള അവസരം ഉണ്ടായിരുന്നു.
കഴിഞ്ഞ സമ്മറിൽ ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള ഒരു ഓപ്ഷൻ വാസ്ക്കസ് ആയിരുന്നു.അദ്ദേഹത്തിന്റെ ക്ലബ്ബായ ഗോവ താരത്തെ കേരള ബ്ലാസ്റ്റേഴ്സിന് ഓഫർ ചെയ്യുകയും ചെയ്തിരുന്നു.പക്ഷേ ആ ഓഫർ സ്വീകരിക്കാൻ ബ്ലാസ്റ്റേഴ്സ് തയ്യാറായില്ല.മറിച്ച് കാത്തിരിക്കുക,സാഹചര്യങ്ങൾ നിരീക്ഷിക്കുക എന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ നിലപാട്. അങ്ങനെ അർജന്റൈൻ താരമായ ഗുസ്താവോ ബ്ലാങ്കോ ലെഷുക്കിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തി. അദ്ദേഹത്തിന് ഓഫറുകൾ ഒന്നും നൽകില്ലായിരുന്നുവെങ്കിലും ശ്രമങ്ങൾ നടത്തുകയായിരുന്നു.പക്ഷേ അത് വിഫലമായി.
പിന്നീടാണ് കേരള ബ്ലാസ്റ്റേഴ്സ് വിദേശ സ്ട്രൈക്കർ പൊസിഷനിലേക്ക് ക്വാമെ പെപ്രയെ അവസാന നിമിഷം കൊണ്ടുവരുന്നത്.പെപ്രക്ക് പകരം വാസ്ക്കസിനെ സ്വന്തമാക്കാനുള്ള ഒരു അവസരം ഉണ്ടായിട്ടും ബ്ലാസ്റ്റേഴ്സ് അത് ഉപയോഗപ്പെടുത്താതിരിക്കുകയായിരുന്നു.ഏതായാലും ആറ് മത്സരങ്ങൾ പിന്നിട്ടപ്പോൾ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. എന്നാൽ ഈ മുഴുവൻ മത്സരങ്ങളിലും കളിച്ച പെപ്രക്ക് ഗോളുകളോ അസിസ്റ്റുകളോ നേടാൻ സാധിക്കാത്തത് ആരാധകരെ നിരാശയിലാഴ്ത്തുന്ന കാര്യമാണ്.