ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടാൻ മഞ്ഞപ്പടയും കാരണമാകുന്നു :അംറിന്ദർ സിങ്ങിന്റെ പ്രശംസ.

ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.എന്നാൽ മത്സരത്തിൽ ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്ന പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. പ്രത്യേകിച്ച് ഓസ്ട്രേലിയയെ പോലെയുള്ള ഒരു ടീമിനെതിരെ ഇന്ത്യ കാഴ്ച്ചവെച്ച പോരാട്ടവീര്യം പ്രശംസിക്കേണ്ട ഒന്നുതന്നെയാണ്.

ഈ മത്സരം വീക്ഷിക്കാൻ വേണ്ടി നിരവധി ആരാധകർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.വലിയ ഉത്സവമായി കൊണ്ടാണ് ഈ മത്സരത്തെ ആരാധകർ വരവേറ്റത്.ഗ്രൗണ്ടിലെ സപ്പോർട്ട് ഇന്ത്യക്ക് തന്നെയായിരുന്നു ഉണ്ടായിരുന്നത്. അതിന്റെ ക്രെഡിറ്റ് ഏറ്റവും കൂടുതൽ നൽകേണ്ടത് മഞ്ഞപ്പടയുടെ ഖത്തർ വിങ്ങിനാണ്.അവരുടെ ഏകോപന പ്രവർത്തനങ്ങൾ അതുല്യമായിരുന്നു.നിരവധി ആരാധകരെ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞു.

മത്സരത്തിന്റെ മുഴുവൻ സമയവും ഇന്ത്യക്ക് വേണ്ടി ആർപ്പ് വിളിക്കാന്‍ മഞ്ഞപ്പട ഖത്തറിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇന്നലത്തെ പ്രസ് കോൺഫറൻസിൽ ഇന്ത്യൻ ഗോൾകീപ്പറായ അംറിന്ദർ സിംഗ് മഞ്ഞപ്പടയെ പേരെടുത്ത് പ്രശംസിച്ചിട്ടുണ്ട്.മഞ്ഞപ്പടയുടെ സപ്പോർട്ട് ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടാൻ കാരണമാകുന്നു എന്ന് തന്നെയാണ് ഇദ്ദേഹം തുറന്നു പറഞ്ഞിട്ടുള്ളത്.ഗോൾകീപ്പറുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ എവിടെ കളിച്ചാലും അവിടെ ആരാധകർ ഉണ്ട്.പ്രത്യേകിച്ച് ഏഷ്യയിൽ,അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എടുത്ത് പറയേണ്ടത് മഞ്ഞപ്പടയുടെ സാന്നിധ്യമാണ്. മഞ്ഞപ്പടയും ഇന്ത്യൻ ഫുട്ബോൾ ഫാൻസും എല്ലായിടത്തും ഉണ്ട്.അതുകൊണ്ടാണ് ഞങ്ങളുടെ പ്രകടനം കൂടുതൽ കൂടുതൽ മെച്ചപ്പെട്ട് വരുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മറ്റൊരു രാജ്യത്താണ് കളിക്കാറുള്ളത് എന്ന തോന്നൽ ഞങ്ങൾക്ക് ഉണ്ടാവാറില്ല. അതിന് കാരണം ഈ ആരാധകർ തന്നെയാണ്.കഴിഞ്ഞ മത്സരത്തിൽ ഒരുപാട് ആരാധകർ ഉണ്ടായിരുന്നു.ഇനിയുള്ള മത്സരങ്ങളിലും ഈ ആരാധകരെ ഞാൻ പ്രതീക്ഷിക്കുന്നുണ്ട് “ഇതാണ് ഈ സൂപ്പർതാരം പറഞ്ഞിട്ടുള്ളത്.

ഏഷ്യൻ കപ്പിലെ രണ്ടാമത്തെ മത്സരത്തിനു വേണ്ടി ഇന്ത്യ ഇന്ന് ഇറങ്ങുന്നുണ്ട്.ഉസ്ബക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം എട്ടുമണിക്കാണ് ഈ മത്സരം നടക്കുക.ഇന്ത്യയിൽ നിന്നും കൂടുതൽ മികച്ച പ്രകടനം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

indian FootballKerala BlastersManjappada
Comments (0)
Add Comment