ഇന്ന് ഡ്യൂറൻഡ് കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ മോഹൻ ബഗാനും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ആവേശകരമായ ഒരു മത്സരം തന്നെയാണ് അരങ്ങേറിയത്. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മോഹൻ ബഗാനെ പരാജയപ്പെടുത്തുകയായിരുന്നു.അങ്ങനെ ഡ്യൂറൻഡ് കപ്പ് കിരീടം നോർത്ത് ഈസ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മോഹൻ ബഗാൻ മുന്നിട്ടുനിന്നിരുന്നു.കമ്മിങ്‌സ് പെനാൽറ്റിയിലൂടെ അവർക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് സഹൽ കൂടി ഗോൾ കണ്ടെത്തി.ഇതോടെ മോഹൻ ബഗാൻ അനായാസം വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ ഒരു കിടിലൻ തിരിച്ചുവരവാണ് നോർത്ത് ഈസ്റ്റ് നടത്തിയിട്ടുള്ളത്.
55ആം മിനുട്ടിൽ അജറൈ നോർത്ത് ഈസ്റ്റിന് വേണ്ടി ഒരു ഗോൾ കണ്ടെത്തി. മൂന്ന് മിനിട്ടിന് ശേഷം ഗില്ലർമോ കൂടി ഗോൾ നേടിയതോടെ മത്സരം 2-2 എന്ന നിലയിൽ ആയി. പിന്നീട് ഗോളുകൾ ഒന്നും പിറക്കാതെ വന്നതോടുകൂടി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കാര്യങ്ങൾ നീങ്ങി. ഇത്തവണ പെനാൽറ്റി ഷൂട്ടൗട്ടിൽ ഭാഗ്യം മോഹൻ ബഗാനെ തുണച്ചില്ല.
നോർത്ത് ഈസ്റ്റ് ഷൂട്ടൗട്ടിൽ വിജയിക്കുകയായിരുന്നു.4-3 എന്നായിരുന്നു സ്കോർ.ഇതോടെ നോർത്ത് ഈസ്റ്റ് തങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കുകയായിരുന്നു.ഇതോടെ ഒരു മേജർ കിരീടം ഇല്ലാത്ത ഏക ടീമായി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ അവശേഷിക്കുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഉള്ള ബാക്കി എല്ലാ ടീമുകളും തങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിൽ ഏതെങ്കിലും ഒരു മേജർ ട്രോഫി നേടിയിട്ടുണ്ട്.നിലവിൽ ബ്ലാസ്റ്റേഴ്സ് മാത്രമാണ് അവശേഷിക്കുന്നത്.