4 മത്സരങ്ങൾ,7 ഗോളുകൾ,നാലിലും മാൻ ഓഫ് ദി മാച്ചും വിജയവും, ഇത് മെസ്സിക്ക് മാത്രം സാധ്യമാകുന്നതെന്ന് ആരാധകർ.
ലയണൽ മെസ്സി വരുന്നതിനു മുൻപ് ഇന്റർ മിയാമി എന്ന ക്ലബ്ബിന്റെ അവസ്ഥ വളരെയധികം പരിതാപകരമായിരുന്നു. അവസാനമായി കളിച്ച പതിനൊന്ന് ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. എല്ലാ കോമ്പറ്റീഷനിലുമായി അവസാനമായി കളിച്ച ആറുമത്സരങ്ങളിൽ ഒന്നിൽ പോലും അവർ വിജയിച്ചിരുന്നില്ല. അങ്ങനെ അമേരിക്കയിൽ യാതൊരുവിധ ഇമ്പാക്റ്റും ഉണ്ടാക്കാൻ കഴിയാത്ത ഒരു ടീമായിരുന്നു ഇന്റർമിയാമി.
ഇത്രയും പരിതാപകരമായ ഒരു ടീമിലേക്ക് ലയണൽ മെസ്സി വന്നാൽ പോലും അദ്ദേഹത്തിന് പരിമിതികളുണ്ട് എന്നാണ് പലരും വിശ്വസിച്ചിരുന്നത്.മെസ്സിക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാവാൻ സാധ്യതയുണ്ട്, അദ്ദേഹം വന്നു എന്ന് കരുതി ഇന്റർ മിയാമി ഉയർത്തെഴുന്നേൽക്കില്ല എന്ന തരത്തിലുള്ള വിലയിരുത്തലുകൾ എല്ലാം വന്നിരുന്നു. പക്ഷേ കടുത്ത ആരാധകരെ പോലും ഞെട്ടിച്ചു കൊണ്ടുള്ള ഒരു തുടക്കമാണ് ലയണൽ മെസ്സിക്ക് ഇന്റർ മിയാമി എന്ന ക്ലബ്ബിൽ ലഭിച്ചിരിക്കുന്നത്.
നാലുമത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. നാല് മത്സരങ്ങളും ലീഗ്സ് കപ്പിൽ തന്നെയാണ്. നാലു മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ, ഒരു അസിസ്റ്റ്, അതായത് ഇരട്ടിയോളം ഗോൾ കോൺട്രിബ്യൂഷൻസ്,നാല് മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച്,ഈ നാലു മത്സരങ്ങളിലും ഇന്റർ മിയാമി വിജയിക്കുകയും ചെയ്തു.
രണ്ട് ഫ്രീക്കിക്ക് ഗോളുകൾ, കൂടാതെ എല്ലാ മത്സരങ്ങളിലും മൈതാനം നിറഞ്ഞു കളിച്ചു. ലയണൽ മെസ്സി അമേരിക്കയെ ഇളക്കിമറിക്കുന്നതിനാണ് നാം ഇപ്പോൾ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. പരിതാപകരമായ ഒരു ടീമിനെ ഇത്രയും മികച്ച രൂപത്തിലേക്ക് മാറ്റിയെടുക്കണമെങ്കിൽ,ആ താരത്തിന്റെ പേര് മെസ്സി എന്നാവണം.മെസ്സിക്ക് മാത്രം സാധ്യമാകുന്ന ഒന്നാണ് ഇതെന്നാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ അവകാശപ്പെടുന്നത്. എന്തിനാണ് ഇത്രവേഗം യൂറോപ്പ്യൻ ഫുട്ബോൾ ഉപേക്ഷിച്ചതെന്ന ചോദ്യവും അവർ ഇപ്പോഴും ചോദിക്കുന്നു.