കോപ്പ അമേരിക്കയിൽ നടന്ന ആദ്യ മത്സരത്തിൽ അർജന്റീനയും കാനഡയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ഇന്ന് പുലർച്ചയായിരുന്നു ഈ മത്സരം നടന്നിരുന്നത്.മത്സരത്തിൽ വിജയം സ്വന്തമാക്കാൻ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന ആദ്യ മത്സരത്തിൽ കാനഡയെ തോൽപ്പിച്ചിട്ടുള്ളത്.
സൂപ്പർ താരങ്ങളായ ഹൂലിയൻ ആൽവരസ്,ലൗറ്ററോ മാർട്ടിനസ് എന്നിവർ നേടിയ ഗോളുകളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഈ രണ്ടു ഗോളുകളും പിറന്നിട്ടുള്ളത്.ആദ്യപകുതി ഗോൾ രഹിത സമനിലയായിരുന്നു. പക്ഷേ രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണങ്ങൾ സംഘടിപ്പിക്കാൻ അർജന്റീനക്ക് സാധിച്ചു.
മത്സരത്തിന്റെ 49ആം മിനുട്ടിലാണ് അർജന്റീനയുടെ ആദ്യ ഗോൾ പിറക്കുന്നത്.മാക്ക് ആല്ലിസ്റ്റർ നീക്കി നൽകിയ ബോൾ ഹൂലിയൻ ആൽവരസ് ഫിനിഷ് ചെയ്യുകയായിരുന്നു.പിന്നീടും അർജന്റീനയുടെ നിരന്തരം ആക്രമണങ്ങൾ കണ്ടു. അതിന്റെ ഫലമായിക്കൊണ്ട് 88ആം മിനുട്ടിൽ അർജന്റീന രണ്ടാം ഗോൾ നേടി. ലയണൽ മെസ്സിയുടെ പാസിൽ നിന്ന് ലൗറ്ററോ മാർട്ടിനസാണ് ഗോൾ കണ്ടെത്തിയിട്ടുള്ളത്.ഇതോടെ അർജന്റീന വിജയം ഉറപ്പിക്കുകയായിരുന്നു.
മെസ്സി അസിസ്റ്റ് നേടിയെങ്കിലും ഈ മത്സരത്തിൽ സന്തോഷത്തേക്കാൾ കൂടുതൽ നിരാശയായിരിക്കും അദ്ദേഹത്തിന് ഉണ്ടാവുക.കാരണം 2 ഗോൾഡൻ ചാൻസുകളാണ് അദ്ദേഹം നഷ്ടപ്പെടുത്തിയത്. ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ഗോളെന്നുറച്ച രണ്ട് സുവർണ്ണാവസരങ്ങൾ അദ്ദേഹം പാഴാക്കിക്കളയുകയായിരുന്നു. മെസ്സിയിൽ നിന്നും അപൂർവമായി മാത്രം നമ്മൾ കാണുന്ന ഒരു കാഴ്ചയാണ് ഇത്. അതേസമയം ലൗറ്ററോയും ഒരു സുവർണ്ണാവസരം മത്സരത്തിൽ പാഴാക്കിയിട്ടുണ്ട്.
എന്നിരുന്നാലും മികച്ച പ്രകടനം നടത്തി വിജയിക്കാൻ കഴിഞ്ഞു എന്നത് അർജന്റീന ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.ഇനി അർജന്റീന ചിലിക്കെതിരെയാണ് അടുത്ത മത്സരം കളിക്കുക.വരുന്ന ജൂൺ 26 തീയതി രാവിലെയാണ് ഈ മത്സരം നടക്കുക.