മൂന്നുപേർ പുറത്ത്, അർജന്റീനയുടെ കോപ്പ അമേരിക്കക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് സ്‌കലോണി!
ഇത്തവണത്തെ കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇപ്പോൾ അർജന്റീന ടീം ഉള്ളത്. കോപ്പയിലെ ആദ്യ മത്സരം കളിക്കുന്നത് അർജന്റീനയാണ്.എതിരാളികൾ കാനഡയാണ്.ജൂൺ ഇരുപത്തിയൊന്നാം തീയതി പുലർച്ചയാണ് ഇന്ത്യയിൽ ഈ മത്സരം കാണാൻ സാധിക്കുക.
രണ്ട് സൗഹൃദ മത്സരങ്ങൾ അർജന്റീന കളിച്ചു കഴിഞ്ഞു. ആദ്യത്തെ മത്സരത്തിൽ ഡി മരിയയുടെ ഗോളിൽ അർജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാമത്തെ മത്സരത്തിൽ തകർപ്പൻ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു അർജന്റീന ഗ്വാട്ടിമാലയെ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സി 2 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു.ലൗറ്ററോ മാർട്ടിനസ് രണ്ട് ഗോളുകളാണ് മത്സരത്തിൽ നേടിയത്.
ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ 29 താരങ്ങളെയായിരുന്നു അർജന്റീനയുടെ പരിശീലകൻ സ്‌കലോണി ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ കോപ്പ അമേരിക്കക്ക് 26 താരങ്ങളുടെ സ്‌ക്വാഡ് മാത്രമാണ് അനുവദനീയമായിട്ടുള്ളത്. അതുകൊണ്ടുതന്നെ മൂന്ന് താരങ്ങളെ ഇപ്പോൾ പരിശീലകൻ സ്‌കലോണിക്ക് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.എയ്ഞ്ചൽ കൊറേയ,ബാലർഡി,ബാർക്കോ എന്നീ താരങ്ങളെയാണ് ഇപ്പോൾ പരിശീലകൻ ഒഴിവാക്കിയിട്ടുള്ളത്. അതേസമയം ചില യുവ സൂപ്പർതാരങ്ങളെ പരിശീലകൻ നിലനിർത്തുകയും ചെയ്തിട്ടുണ്ട്.
ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം കാർബണി ടീമിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. യുണൈറ്റഡ് താരമായ ഗർനാച്ചോയും ഈ ടീമിലുണ്ട്. മികച്ച ഒരു നിരയെ തന്നെയാണ് 26 അംഗ സ്‌ക്വാഡ് ആയിക്കൊണ്ട് പരിശീലകൻ തിരഞ്ഞെടുത്തിട്ടുള്ളത്. അതേസമയം ദിബാലയെ നേരത്തെ ഒഴിവാക്കിയത് വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഏതായാലും അർജന്റീന മികച്ച പ്രകടനം നടത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.