ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിൽ മൂന്നും വിജയിക്കാൻ നിലവിലെ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനക്ക് കഴിഞ്ഞിരുന്നു.ആദ്യ മത്സരത്തിൽ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച അർജന്റീന രണ്ടാം മത്സരത്തിൽ ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. പിന്നീട് പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കും പരാജയപ്പെടുത്തി. ആകെ നാല് ഗോളുകൾ നേടിയ ലൗറ്ററോ മാർട്ടിനസാണ് ഇപ്പോൾ അർജന്റീനക്ക് വേണ്ടി ഉജ്ജ്വല പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്.
കോപ്പ അമേരിക്കയിൽ ഇന്ന് നടന്ന മത്സരത്തിൽ ജമൈക്കയെ വെനിസ്വേല എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. അതേസമയം മെക്സിക്കോയും ഇക്വഡോറും ഗോൾരഹിത സമനില വഴങ്ങുകയാണ് ചെയ്തത്. ഇതോടെ വെനിസ്വേലയും ഇക്വഡോറും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു കഴിഞ്ഞു. അതായത് അർജന്റീനയും ഇക്വഡോറും തമ്മിലാണ് ക്വാർട്ടർ ഫൈനൽ മത്സരം കളിക്കുക.
വരുന്ന വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 6:30നാണ് അർജന്റീനയും ഇക്വഡോറും ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടുക.ഈ കോപ അമേരിക്കക്ക് മുന്നോടിയായി ഈ രണ്ട് ടീമുകളും ഒരു സൗഹൃദമത്സരം കളിച്ചിരുന്നു. അന്ന് വിജയം സ്വന്തമാക്കാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു.ഇക്വഡോർ വെല്ലുവിളി ഉയർത്തുമെങ്കിലും മിന്നുന്ന ഫോമിൽ കളിക്കുന്ന അർജന്റീനക്ക് വിജയം നേടാൻ കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇനി സെമിയിൽ ആരായിരിക്കും അർജന്റീനയുടെ എതിരാളികൾ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. മറ്റൊരു ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കാനഡയും വെനിസ്വേലയും തമ്മിലാണ് ഏറ്റുമുട്ടുക. ഇതിലെ വിജയികളെയായിരിക്കും അർജന്റീനക്ക് സെമിയിൽ നേരിടേണ്ടി വരിക. ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയെ പരാജയപ്പെടുത്തിയവരാണ് അർജന്റീന.
ചുരുക്കത്തിൽ ഫൈനൽ വരെ വളരെ എളുപ്പത്തിൽ മുന്നേറാൻ അർജന്റീനക്ക് സാധിക്കുമെന്ന് കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കാര്യമായ വെല്ലുവിളികൾ ഒന്നും നേരിടേണ്ടി വരില്ല. അർജന്റീന ഫൈനലിൽ എത്തുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.