ഈ വർഷം ഇതുവരെ വിള്ളൽ വീഴാത്ത അർജന്റൈൻ പ്രതിരോധ കോട്ട,ബ്രസീലോ ഉറുഗ്വയോ? ആരെക്കൊണ്ട് സാധിക്കും അതിന്?
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരം അത്ര പെട്ടെന്നൊന്നും ഫുട്ബോൾ ആരാധകർ മറക്കാൻ സാധ്യതയുണ്ടാവില്ല. വിജയ പരാജയ സാധ്യതകൾ മാറിമറിഞ്ഞ ഒരു മത്സരം. ഒടുവിൽ രണ്ട് ടീമുകളും മൂന്നു ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിഞ്ഞു. പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന വിജയകാഹളം മുഴക്കിക്കൊണ്ട് ഖത്തറിൽ നിന്നും സുവർണ്ണ കിരീടം സ്വന്തമാക്കി. അജയ്യരായി കൊണ്ടാണ് ഇപ്പോൾ മുന്നേറുന്നത്.
ആ ഫൈനൽ മത്സരം ഇവിടെ പരാമർശിക്കാൻ കാരണം, അർജന്റീനയുടെ വലയിലേക്ക് കിലിയൻ എംബപ്പേ ഗോൾ നേടിയതിനു ശേഷം ഇതുവരെ ആരും തന്നെ ഗോൾ നേടിയിട്ടില്ല എന്നതാണ്. അതായത് കഴിഞ്ഞ ഡിസംബറിലാണ് അർജന്റീന അവസാനമായി വഴങ്ങിയത്. അതിനുശേഷം സൗഹൃദമത്സരങ്ങളും വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളും അർജന്റീന കളിച്ചു.അർജന്റീനക്കെതിരെ വിജയിക്കുക എന്നത് പോട്ടെ, ഗോളടിക്കുക എന്നത് തന്നെ വലിയ ഒരു ബാലികേറാ മലയായി കൊണ്ട് തുടരുകയാണ്.
വേൾഡ് കപ്പിനു ശേഷം നാല് സൗഹൃദ മത്സരങ്ങളാണ് അർജന്റീന കളിച്ചത്.ആദ്യ മത്സരത്തിൽ പനാമയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. പിന്നീട് കുറസാവോയെ 7 ഗോളുകൾക്കും ഓസ്ട്രേലിയയെ രണ്ടു ഗോളുകൾക്കും ഇൻഡോനേഷ്യയെ രണ്ടു ഗോളുകൾക്കും അർജന്റീന തോൽപ്പിച്ചു. പിന്നീട് സൗത്ത് അമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ ആരംഭിച്ചു.
ആദ്യ മത്സരത്തിൽ ഇക്വഡോറിന്റെ വെല്ലുവിളി ഒരു ഗോളിന് മറികടന്നു. പിന്നീട് ബോളിവിയയെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. അതിനുശേഷം പരാഗ്വയെ ഒരു ഗോളിന് തോൽപ്പിച്ച അർജന്റീന ഏറ്റവും ഒടുവിൽ പെറുവിനെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. ഇത്രയധികം മത്സരങ്ങൾ കളിച്ചിട്ട് ഒരു ഗോൾ പോലും അർജന്റീനക്ക് വഴങ്ങേണ്ടി വന്നിട്ടില്ല. എല്ലാ മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നേടാൻ ഗോൾകീപ്പർ എമിക്കും അർജന്റീനയുടെ ഡിഫൻസിനും കഴിഞ്ഞു.
പക്ഷേ ഇനി ഒരല്പം കടുത്ത എതിരാളികളെയാണ് അർജന്റീനക്ക് നേരിടേണ്ടത്. ഈ മാസത്തെ ആദ്യ മത്സരത്തിൽ ഉറുഗ്വയും രണ്ടാമത്തെ മത്സരത്തിൽ ബ്രസീലുമാണ് അർജന്റീനയുടെ എതിരാളികൾ. ഈ രണ്ട് മത്സരങ്ങൾ കൂടി ക്ലീൻ ഷീറ്റ് നേടിക്കൊണ്ട് പൂർത്തിയാക്കിയാൽ ഈ വർഷം ഒരൊറ്റ ഗോൾ പോലും നേടാതെ പൂർണ്ണമാക്കാൻ അർജന്റീനക്ക് കഴിയും.
ഇതുവരെ വിള്ളൽ വീഴാത്ത അർജന്റീനയുടെ പ്രതിരോധ കോട്ടയിൽ ആരായിരിക്കും ആദ്യം വിള്ളൽ വീഴ്ത്തുക എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.ഉറുഗ്വക്കെതിരെയാണ് ആദ്യത്തെ മത്സരം അർജന്റീന കളിക്കുക. അവർക്ക് അതിന് സാധിക്കുമോ അതല്ലെങ്കിൽ ബ്രസീലായിരിക്കുമോ അർജന്റീനക്കെതിരെ ഈ വർഷം ആദ്യമായി ഗോൾ നേടുന്ന ടീം എന്നൊക്കെ അറിയാൻ ഇനി കുറച്ച് ദിവസത്തെ കാത്തിരിപ്പ് മാത്രമാണ് അവശേഷിക്കുന്നത്.