വരുന്ന മാർച്ച് മാസത്തിൽ 2 ഫ്രണ്ട്‌ലി മത്സരങ്ങളാണ് വേൾഡ് ചാമ്പ്യന്മാരായ അർജന്റീന കളിക്കുക.ആഫ്രിക്കൻ ടീമുകൾക്കെതിരെ കളിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ രണ്ട് എതിരാളികളെ അവർ തിരഞ്ഞെടുത്തു. ഒന്ന് നൈജീരിയയും മറ്റൊന്ന് ഐവറി കോസ്റ്റ്മായിരുന്നു.ആഫ്രിക്കൻ നേഷൻസ് കപ്പ് നടക്കുന്നതിന് മുന്നേ തന്നെ ഈ മത്സരങ്ങൾ തീരുമാനമായിരുന്നു.
മാർച്ച് പതിനെട്ടാം തീയതിയാണ് അർജന്റീനയും നൈജീരിയയും തമ്മിൽ ഏറ്റുമുട്ടുക.ഇന്ത്യയിൽ പുലർച്ചെ 4:30നാണ് ഈ മത്സരം കാണാനാവുക. പിന്നീട് മാർച്ച് 26 ആം തീയതി ഐവറി കോസ്റ്റിനെ അർജന്റീന നേരിടും. ഈ മത്സരവും ഇന്ത്യയിൽ പുലർച്ചെ 4:30നാണ് നടക്കുക. എന്നാൽ ഈ രണ്ട് മത്സരങ്ങളും അർജന്റീനക്ക് ഒട്ടും എളുപ്പമാവില്ല. കാരണം രണ്ടുപേരും കരുത്തരായി കഴിഞ്ഞു.
ഇപ്പോൾ നടക്കുന്ന ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ ഈ രണ്ട് ടീമുകൾക്കും കഴിഞ്ഞിട്ടുണ്ട്. വരുന്ന ഫെബ്രുവരി 12ആം തീയതിയാണ് നൈജീരിയയും ഐവറി കോസ്റ്റും തമ്മിലുള്ള കലാശ പോരാട്ടം നടക്കുക.ഈ രണ്ട് ഫൈനലിസ്റ്റുകളെയാണ് മെസ്സിക്കും സംഘത്തിനും നേരിടേണ്ടത്. അർജന്റീന എതിരാളികളായി തിരഞ്ഞെടുത്തതോടുകൂടി ഈ ടീമുകളുടെയും സമയം തെളിഞ്ഞു എന്ന് തന്നെ പറയേണ്ടിവരും. കാരണം കിരീട ഫേവറേറ്റുകൾ ആയി വിലയിരുത്തപ്പെട്ട പല വമ്പൻ ടീമുകളും ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ അട്ടിമറികൾ ഏറ്റുവാങ്ങിക്കൊണ്ട് പുറത്താവുകയായിരുന്നു.
അതുകൊണ്ടാണ് ഈ രണ്ടു ടീമുകൾക്കും കാര്യങ്ങൾ എളുപ്പമായത്.സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി കൊണ്ടാണ് നൈജീരിയ ഫൈനലിൽ എത്തിയത്.ഐവറി കോസ്റ്റ് കോങ്കോയെ തോൽപ്പിച്ചു കൊണ്ടാണ് ഫൈനൽ പ്രവേശനം സാധ്യമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ മോശം പ്രകടനം നടത്തിയ ഐവറി കോസ്റ്റ് ഫൈനൽ വരെ എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
അർജന്റീനക്ക് കടുത്ത എതിരാളികളെ ലഭിച്ചത് തീർച്ചയായും അവർക്ക് ഗുണകരമാവുകയാണ് ചെയ്യുക. മാർച്ച് മാസത്തിലെ സൗഹൃദ മത്സരങ്ങൾ കഴിഞ്ഞാൽ പിന്നെ അർജന്റീനയെ കാത്തിരിക്കുന്നത് കോപ്പ അമേരിക്ക ടൂർണമെന്റും അതിലേക്കുള്ള ഒരുക്കങ്ങളും ആണ്. നിലവിലെ ജേതാക്കളായ അർജന്റീനക്ക് കിരീടം നിലനിർത്തൽ അത്യാവശ്യമാണ്.ഇത്തവണ 16 ടീമുകളാണ് കോപ്പ അമേരിക്കയിൽ പങ്കെടുക്കുന്നത്.