മെസ്സിയുടെ ആ പ്രസംഗം കേട്ട് എമി കരയാൻ തുടങ്ങി,മനസ്സ് തുറന്ന് സംസാരിച്ച് മാക്ക് ആല്ലിസ്റ്റർ.
ഒട്ടേറെ വൈകാരികമായ നിമിഷങ്ങൾ അടങ്ങിയതായിരുന്നു ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരം.ജയപരാജയ സാധ്യതകൾ രണ്ടുവശത്തേക്കും മാറിമറിഞ്ഞിരുന്നു. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കിരീടം നേടുകയും ചെയ്തു.
ആ സംഭവബഹുലമായ ഫൈനൽ മത്സരത്തെക്കുറിച്ച് അലക്സിസ് മാക്ക് ആല്ലിസ്റ്റർ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. ലയണൽ മെസ്സിയുടെ മോട്ടിവേഷൻ വളരെയധികം ഇമോഷണൽ ആയിരുന്നു എന്നാണ് ആല്ലിസ്റ്റർ പറഞ്ഞത്. മെസ്സിയുടെ പ്രസംഗം കേട്ട് ഗോൾകീപ്പർ എമി കരഞ്ഞുവെന്നും ഇദ്ദേഹം പറഞ്ഞു.
ലോക്കർ റൂമിൽ ഞങ്ങളോട് സംസാരിക്കുന്ന വ്യക്തികളിൽ ഒരാൾ മെസ്സിയാണ്. ഞങ്ങളെല്ലാവരും കാതോർക്കും.ഫൈനലിന് മുന്നേ മെസ്സി സംസാരിച്ചത് വളരെയധികം ഇമോഷണൽ ആയിരുന്നു. എമിലിയാനോ മാർട്ടിനസ് കരയാൻ തുടങ്ങിയിരുന്നു. മെസ്സിയെ കാണുന്നത് തന്നെ ഒരു മോട്ടിവേഷൻ ആണ്. കാരണം ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനോടൊപ്പമാണ് നിങ്ങൾ കളിക്കാൻ പോകുന്നത്. കൂടാതെ നിങ്ങളുടെ ഫാമിലിയെ പോലെയുള്ള 10 താരങ്ങളോടൊപ്പം ആണ് നിങ്ങൾ കളിക്കാൻ പോകുന്നതും.ഇതൊക്കെ തന്നെ വളരെയധികം മോട്ടിവേറ്റ് ചെയ്യുന്നതാണ്,മാക്ക് ആല്ലിസ്റ്റർ പറഞ്ഞു.
വേൾഡ് കപ്പ് ഫൈനലിൽ മെസ്സി രണ്ടു ഗോൾ നേടിയിരുന്നു. ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് മിന്നും സേവുകൾ കൊണ്ട് അർജന്റീനയെ രക്ഷിച്ചിരുന്നു. അതിന്റെയൊക്കെ ഫലമായി കൊണ്ടാണ് അർജന്റീന കിരീടം ഉയർത്തിയത്.