അർജന്റീനക്ക് ഒരു അപ്രതീക്ഷിത ആഘാതമാണ് കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വയുടെ പക്കലിൽ നിന്നും ലഭിച്ചത്. വളരെ മനോഹരമായ ഒരു സമയത്തിലൂടെ കടന്നു പോയിക്കൊണ്ടിരുന്ന അർജന്റീനക്ക് ഒരു ഷോക്ക് ട്രീറ്റ്മെന്റ് തന്നെയായിരുന്നു ഉറുഗ്വ സമ്മാനിച്ചത്.മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീന പരാജയപ്പെട്ടു. അതും സ്വന്തം മൈതാനത്ത് നിറഞ്ഞു കവിഞ്ഞ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചു കൊണ്ടായിരുന്നു.
2019 കോപ്പ അമേരിക്ക സെമിഫൈനലിൽ ബ്രസീലിനോട് പരാജയപ്പെട്ടതിനു ശേഷം അർജന്റീന തോൽവി രുചിച്ചത് ഖത്തർ വേൾഡ് കപ്പിൽ സൗദി അറേബ്യയോടാണ്. അതിനുശേഷം ആദ്യമായാണ് അർജന്റീന ഇപ്പോൾ പരാജയപ്പെട്ടിട്ടുള്ളത്. സൗദി അറേബ്യയോട് പരാജയപ്പെട്ടതിനുശേഷം അതിശക്തമായി തിരിച്ചുവന്ന അർജന്റീനക്ക് ഇവിടെയും ആ തിരിച്ചുവരവ് നടത്തേണ്ടതുണ്ട്. എതിരാളികൾ ബ്രസീലായതിനാൽ അത് ഒരല്പം ബുദ്ധിമുട്ടുള്ളതായിരിക്കും.പക്ഷേ ബ്രസീൽ അവരുടെ പ്രതാപ കാലത്തിന്റെ നിഴലിൽ മാത്രമാണ് ഇപ്പോൾ ഉള്ളത്.
ബ്രസീലിനെതിരെ വിജയിക്കുക, ആത്മവിശ്വാസം മുണ്ടെടുക്കുക,ഇതാണ് സ്കലോണി സ്വന്തം താരങ്ങളോട് പറഞ്ഞിട്ടുള്ളത്. മറ്റേതെങ്കിലും ടീമുകളോട് തോൽക്കുന്ന പോലെയാവില്ല ബ്രസീലിനോട് തോൽവി ഏറ്റാൽ, അതിന്റെ ആഘാതം വർദ്ധിക്കും. കാരണം അവർ ചിരവൈരികളാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ മത്സരത്തിലെ പോരായ്മകൾ നികത്താൻ സ്കലോണി തീരുമാനിച്ചിട്ടുണ്ട്.നിർണായകമായ രണ്ടു മാറ്റങ്ങൾ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്ന നിക്കോളാസ് ഗോൺസാലസിന് സ്ഥാനം നഷ്ടമായേക്കും. പകരം പരിചയ സമ്പന്നനായ ഡി മരിയ സ്റ്റാർട്ടിങ് ഇലവനിൽ വന്നേക്കും. അതുപോലെതന്നെ ഹൂലിയൻ ആൽവരസിനും സ്ഥാനം നഷ്ടമാവാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ ലൗറ്ററോയാണ് വരിക. എന്നാൽ ഈ രണ്ടുപേരിൽ ആരെ സ്റ്റാർട്ടിങ് ലെവലിൽ ഉൾപ്പെടുത്തണമെന്ന് കാര്യത്തിൽ ഇപ്പോഴും ഒരു തീരുമാനത്തിലെത്താൻ അർജന്റീനയുടെ പരിശീലകൻ കഴിഞ്ഞിട്ടില്ല.
പ്രതിരോധത്തിലോ മധ്യനിരയിലോ മാറ്റങ്ങൾ വരുത്താൻ സ്കലോണി ഇപ്പോൾ ഉദ്ദേശിക്കുന്നില്ല.ഗോൾകീപ്പർ പൊസിഷനിൽ എമി മാർട്ടിനസ് തന്നെയായിരിക്കും. ഡിഫൻസിൽ മൊളീന,ഓട്ടമെന്റി,റോമേരോ,ടാഗ്ലിയാഫിക്കോ എന്നിവരായിരിക്കും. മധ്യനിരയിൽ ഡി പോൾ,എൻസോ,മാക്ക് ആല്ലിസ്റ്റർ എന്നിവരായിരിക്കും. ലയണൽ മെസ്സിക്കൊപ്പം ഡി മരിയ,ലൗറ്ററോ എന്നിവർ സ്റ്റാർട്ട് ചെയ്തേക്കും. അല്ലായെങ്കിൽ ഹൂലിയൻ തന്നെ നിലനിന്നേക്കും. ഇതാണ് ബ്രസീലിനെതിരെ സ്കലോണി ഇറക്കാൻ ഉദ്ദേശിക്കുന്ന ഇലവൻ.