അർജന്റീനയുടെ സ്‌ക്വാഡ് എന്ന് പ്രഖ്യാപിക്കും?ഗർനാച്ചോ,ഗൈഡോ എന്നിവർ ഉണ്ടാകുമോ? ഗോൾകീപ്പർമാർ ആരൊക്കെ?
അടുത്തമാസം നടക്കുന്ന കോപ്പ അമേരിക്കക്കുള്ള സ്‌ക്വാഡ് പ്രഖ്യാപനത്തിലാണ് ഇപ്പോൾ ടീമുകൾ ഉള്ളത്. ബ്രസീലിന്റെ ടീമിനെ അവരുടെ പരിശീലകനായ ഡൊറിവാൽ ജൂനിയർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.23 താരങ്ങളുള്ള സ്‌ക്വാഡിന്റെ എണ്ണം വർദ്ധിപ്പിക്കാൻ കോൺമെബോൾ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ 26 താരങ്ങളുമായി സ്‌ക്വാഡ് ഒരുക്കാൻ ഇത്തവണ കോപ്പ അമേരിക്ക ടീമുകൾക്ക് സാധിക്കും.
നിലവിലെ ജേതാക്കളായ അർജന്റീനയുടെ സ്‌ക്വാഡ് എന്നാണ് പ്രഖ്യാപിക്കുക?അതാണ് അവരുടെ ആരാധകർക്ക് അറിയേണ്ടത്. അവരുടെ പരിശീലകനായ ലയണൽ സ്‌കലോണി സാധാരണയായി ഏറ്റവും അവസാനത്തിലാണ് ടീം പ്രഖ്യാപിക്കാറുള്ളത്. ഇപ്രാവശ്യവും അതിന് മാറ്റമുണ്ടാവില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ മാസത്തെ അവസാന ആഴ്ചയിലോ ജൂൺ മാസത്തെ ആദ്യ ആഴ്ചയിലോ ആണ് അർജന്റീനയുടെ സ്‌ക്വാഡ് പ്രഖ്യാപിക്കപ്പെടുക.ഉടൻതന്നെ പ്രഖ്യാപിക്കാൻ അർജന്റീനയുടെ പരിശീലകന് പ്ലാനുകൾ ഇല്ല.
അർജന്റീനയുടെ ടീമിൽ ആരൊക്കെ ഉണ്ടാകും എന്നതുകൂടി ആരാധകർക്ക് അറിയേണ്ട കാര്യമാണ്.അതുമായി ബന്ധപ്പെട്ട ചില സൂചനകൾ പുറത്തേക്ക് വരുന്നുണ്ട്. കഴിഞ്ഞ തവണ പ്രഖ്യാപിച്ച സ്‌ക്വാഡിൽ സൂപ്പർ താരമായ അലജാൻഡ്രോ ഗർനാച്ചോ ഇല്ലായിരുന്നു. എന്നാൽ ഈ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കോപ്പ അമേരിക്കയിൽ ഉണ്ടാകും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.ഇത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. എന്തെന്നാൽ ഗർനാച്ചോയുടെ ടാലന്റ് നമുക്ക് എല്ലാവർക്കും അറിയുന്നതാണ്.
മധ്യനിരയുടെ കാര്യത്തിൽ ഒരു സംശയം ഇപ്പോൾ ഈ പരിശീലകനുണ്ട്.ഗൈഡോ റോഡ്രിഗസിനെ ടീമിൽ ഉൾപ്പെടുത്തണോ അതോ ഇക്വി ഫെർണാണ്ടസിനെ ഉൾപ്പെടുത്തണോ എന്ന കാര്യത്തിലാണ് സംശയം.രണ്ടുപേരെയും അർജന്റീനയുടെ പരിശീലകൻ ഒരുപോലെ പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ഗോൾകീപ്പർമാരുടെ കാര്യം തീരുമാനമായിട്ടുണ്ട്.എമിലിയാനോ മാർട്ടിനസ് തന്നെയായിരിക്കും ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ. അതിനുശേഷം വാൾട്ടർ ബെനിറ്റസ്,ഫ്രാങ്കോ അർമാനി എന്നിവരൊക്കെയാണ് ഉണ്ടാവുക.ഇതൊക്കെയാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.കിരീടം നിലനിർത്താൻ വേണ്ടി ഏറ്റവും മികച്ച ടീമിനെ തന്നെയായിരിക്കും അർജന്റീന പരിശീലകൻ പ്രഖ്യാപിക്കുക.