അർജന്റീനയും ബാഴ്സലോണയും ഏറ്റുമുട്ടുന്നു,മെസ്സി ഏത് ടീമിൽ കളിക്കും? വിശദ വിവരങ്ങൾ പുറത്തേക്ക് വന്നു.

ലയണൽ മെസ്സി തന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്താനുള്ള ഏക സാധ്യത കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ അവസാനിച്ചിരുന്നു.ബാഴ്സയിലേക്ക് തിരികെ വരാനുള്ള ശ്രമങ്ങൾ മെസ്സി നടത്തിയെങ്കിലും അത് സാധ്യമായില്ല. തുടർന്ന് അമേരിക്കയിലെ ഇന്റർ മയാമിയിലേക്ക് മെസ്സി പോവുകയായിരുന്നു. ഇനി ബാഴ്സയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകളെ മെസ്സി തള്ളിക്കളയുകയും ചെയ്തിരുന്നു.

അതായത് ഇനി യൂറോപ്പിലേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്ന് തന്നെയായിരുന്നു ലയണൽ മെസ്സിയുടെ വാക്കുകളിൽ നിന്നും വ്യക്തമായിരുന്നത്. അതായത് ഇതുവരെ മെസ്സിക്ക് അദ്ദേഹം അർഹിച്ച രീതിയിലുള്ള യാത്രയപ്പ് നൽകാൻ ബാഴ്സലോണക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ അത് നൽകുമെന്ന് ബാഴ്സയുടെ പ്രസിഡന്റായ ലാപോർട്ട ഒരുപാട് തവണ ആവർത്തിച്ചു പറഞ്ഞതാണ്.അടുത്ത വർഷം ബാഴ്സലോണ അത് നൽകാൻ ഉദ്ദേശിക്കുന്നുണ്ട്. അതും വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു യാത്രയപ്പാണ് മെസ്സിക്ക് നൽകുക.

ലയണൽ മെസ്സി ദീർഘകാലം കളിച്ച ബാഴ്സലോണയും മെസ്സിയുടെ ദേശീയ ടീമായ അർജന്റീനയും തമ്മിൽ ഏറ്റുമുട്ടും. ഫ്രണ്ട്‌ലി മത്സരമായിരിക്കും നടക്കുക.മെസ്സിയുടെ യാത്രയയപ്പിന് വേണ്ടിയാണ് ബാഴ്സലോണ ഈ മത്സരം സംഘടിപ്പിക്കാൻ ആലോചിക്കുന്നത്. ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൂ ഇപ്പോൾ പുനർ നിർമ്മിക്കുകയാണ്. അതിന്റെ പണി പൂർത്തിയായതിനു ശേഷം പുതിയ ക്യാമ്പ് നൂവിൽ വെച്ചാണ് ഈ മത്സരം നടക്കുക.

ബാഴ്സലോണയുടെ 125ആം വാർഷികം ആഘോഷിക്കുക എന്ന ഉദ്ദേശവും ഈ മത്സരത്തിനുണ്ട്. മാത്രമല്ല മെസ്സി തന്റെ വേൾഡ് കപ്പ് കിരീടവും ബാലൺഡി’ഓർ പുരസ്കാരങ്ങളും മത്സരത്തിനു മുന്നേ ആരാധകർക്ക് മുന്നിൽ പ്രദർശിപ്പിക്കും. ലയണൽ മെസ്സി ഏത് ടീമിന് വേണ്ടിയായിരിക്കും കളിക്കുക എന്നതാണ് ആരാധകരുടെ പ്രധാനപ്പെട്ട സംശയം.ആദ്യപകുതിയിൽ അർജന്റീന നാഷണൽ ടീമിന് വേണ്ടി കളിക്കുന്ന ലയണൽ മെസ്സി രണ്ടാം പകുതിയിൽ ബാഴ്സലോണക്ക് വേണ്ടി കളിക്കും.അതാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ബാഴ്സക്ക് വേണ്ടിയും അർജന്റീനക്ക് വേണ്ടിയും നിലവിലെ താരങ്ങളാണോ അതോ ഇതിഹാസതാരങ്ങളാണോ കളിക്കുക എന്നതൊക്കെ കൂടുതൽ വ്യക്തതകൾ കൈവരേണ്ട ഒരു കാര്യമാണ്.

ലയണൽ മെസ്സിയുടെ യുഗാന്ത്യത്തോടുകൂടി ക്യാമ്പ് നൂവിൽ പുതിയ ഒരു യുഗത്തിന് തുടക്കം കുറിക്കുക എന്നാണ് ബാഴ്സലോണയുടെ ലക്ഷ്യം.ഈ സ്റ്റേഡിയത്തിൽ ഒരു സ്പെഷ്യൽ ബാനർ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. അർഹിച്ച ഒരു യാത്രയയപ്പ് തന്നെ മെസ്സിക്ക് നൽകാൻ ക്ലബ്ബ് ആലോചിക്കുന്നുണ്ട്.അർജന്റീനയും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടിയാൽ അത് ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മത്സരം തന്നെയായിരിക്കും.

ArgentinaFc BarcelonaLionel Messi
Comments (0)
Add Comment