Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

2025ൽ അർജന്റീനയും മെസ്സിയും കേരളത്തിൽ കളിക്കും: സ്ഥിരീകരിച്ച് കായിക മന്ത്രി.

135

ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ ദേശീയ ടീമിനെ കേരളത്തിൽ കളിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഗവൺമെന്റ് നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെടുകയും അവർ അനുകൂല നിലപാടുകൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അർജന്റീനയുടെ ദേശീയ ടീം കേരളത്തിലേക്ക് വരികയാണ് എന്നുള്ളത് ഉറപ്പായി കഴിയുകയാണ്.കായിക മന്ത്രിയായ അബ്ദുറഹിമാനാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

എന്നാൽ ഈ വർഷം അർജന്റീന കേരളത്തിലേക്ക് വരില്ല. മറിച്ച് 2025 ഒക്ടോബർ മാസത്തിൽ കേരളത്തിൽ കളിക്കാനാണ് അർജന്റീനയുടെ പദ്ധതികൾ. രണ്ട് മത്സരങ്ങളായിരിക്കും അർജന്റീന കളിക്കുക എന്ന കായിക മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചിട്ടുള്ളത്. സ്പോർട്സ് മിനിസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

ലിയോണൽ മെസ്സി അടക്കമുള്ള അർജെന്റീന ദേശീയ ടീം ഇന്ത്യയിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചിലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തി എന്ന വാർത്ത കേരളത്തിലെ ഫുട്ബാൾ പ്രേമികളിൽ പ്രത്യേകിച്ചും നീലപ്പടയുടെ ആരാധകരിൽ സൃഷ്ടിച്ച നിരാശയാണ് അര്ജെന്റിന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ പ്രേരകമായത്. ഖത്തർ ലോകക്കപ്പ് സമയത്ത്‌ കേരളത്തെ നീലക്കടലാക്കി മാറ്റിയ കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ട് കേരളത്തിന്റെ ക്ഷണം അവർ സ്വീകരിച്ചു.

നമ്മുടെ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബോൾ വികസനത്തിൽ അർജെന്റിനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളും അർജെന്റിന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഇന്ന് നടന്ന ഓൺലൈൻ മീറ്റിംഗിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടു.

അർജൻ്റിന കേരളവുമായി ഫുട്ബോൾ രംഗത്ത് സജീവമായ സഹകരണത്തിന് സന്നദ്ധത അറിയിച്ചു. കേരള സർക്കാർ നടത്തുന്ന ഗോൾ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനും ഉള്ള താത്പര്യവും അവർ പ്രകടിപ്പിച്ചിട്ടുണ്ട്.

അർജൻ്റീന ദേശീയ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരം കളിക്കും. നേരത്തേ 2024 ജൂണിൽ കളിക്കാൻ എത്തുമെന്നാണ് അറിയിച്ചത്. എന്നാൽ, ആ സമയം മൺസൂൺ സീസണായതിനാൽ പ്രയാസം അറിയിച്ചു. തുടർന്ന് 2025 ഒക്ടോബറിൽ കളിക്കാൻ സന്നദ്ധത അർജൻ്റീന അറിയിച്ചു.

ഏറെ ശ്രമകരമായ ഒന്നാകും ഈ സൗഹൃദ മത്സരത്തിന്റെ സംഘാടനം എങ്കിലും കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് നൽകാവുന്ന വലിയ സമ്മാനവും ഒപ്പം നമ്മുടെ കായിക താരങ്ങൾക്ക് ഉള്ള വലിയ പ്രചോദനവും ആകും അർജെന്റിന ദേശീയ ടീമിന്റെ കേരളത്തിലേക്കുള്ള വരവ് എന്ന വിശ്വാസവും തിരിച്ചറിവും ഈ വാർത്ത വന്നപ്പോൾ മുതൽ നമ്മുടെ ആളുകൾ പ്രകടിപ്പിക്കുന്ന ആവേശവും
മുന്നോട്ട് പോകുവാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്.

അർജെന്റീന ദേശീയ ടീമിന്റെ ഇന്റർനാഷണൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസ് സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ എ എസ് കെ എഫ് എ സംസ്ഥാന പ്രസിഡന്റ്‌ നവാസ് മീരാൻ അടക്കമുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു, ഇതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം.

ഏതായാലും ഈ വാർത്ത അർജന്റീന ആരാധകർക്കും ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കും സന്തോഷം നൽകുന്ന കാര്യമാണ്. പക്ഷേ ഒരുപാട് കടമ്പകൾ ഇനിയും കടക്കേണ്ടത് ഉണ്ട്,അർജന്റീനക്ക് കളിക്കാൻ ആവശ്യമായ മികച്ച നിലവാരത്തിലുള്ള സ്റ്റേഡിയം കേരളത്തിൽ ഉണ്ടോ? അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിൽ ഉണ്ടോ എന്നുള്ളതൊക്കെ സ്വയം വിലയിരുത്തേണ്ട കാര്യമാണ്.