സമീപകാലത്ത് തകർപ്പൻ പ്രകടനമാണ് അർജന്റീന നാഷണൽ ടീമും അവരുടെ താരങ്ങളും പുറത്തെടുക്കുന്നത്. വേൾഡ് കപ്പ് നേടിയതോടുകൂടി അർജന്റീന താരങ്ങൾക്ക് കൂടുതൽ വിസിബിലിറ്റി ലഭിച്ചിട്ടുണ്ട്. പല താരങ്ങളുടെയും മൂല്യം വളരെയധികം കുതിച്ചുയർന്നിരുന്നു. മാത്രമല്ല പ്രധാനപ്പെട്ട ക്ലബ്ബുകളിലേക്ക് ചേക്കേറാൻ പല യുവതാരങ്ങൾക്കും കഴിഞ്ഞിരുന്നു.മികച്ച പ്രകടനമാണ് അവർ എല്ലാവരും നടത്തുന്നത്.
അർജന്റൈൻ താരങ്ങൾ തിളങ്ങിയ ഒരു ദിവസം കൂടിയായിരുന്നു ഇന്നലെ. പ്രത്യേകിച്ച് യൂറോപ്പിൽ അർജന്റൈൻ താരങ്ങളുടെ ഒരു വിളയാട്ടമാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ലിവർപൂൾ ഇന്നലെ നടന്ന മത്സരത്തിൽ ഫുൾഹാമിനെ തോൽപ്പിച്ചിരുന്നു.അതിൽ അർജന്റൈൻ താരമായ അലക്സിസ് മാക്ക് ആല്ലിസ്റ്റർ ഒരു ഗോൾ നേടിയിരുന്നു.
അത് കേവലം ഒരു ഗോൾ ആയിരുന്നില്ല,മറിച്ച് വേൾഡ് ക്ലാസ് ഗോൾ തന്നെയായിരുന്നു. ബോക്സിന് വെളിയിൽ നിന്നും കിടിലൻ ഷോട്ടിലൂടെയാണ് മാക്ക് ആല്ലിസ്റ്റർ ആ ഗോൾ സ്വന്തമാക്കിയിരുന്നത്. മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയും വിജയം സ്വന്തമാക്കിയിരുന്നു.ചെൽസിക്ക് വേണ്ടി തിളങ്ങിയതും അർജന്റൈൻ സൂപ്പർ താരം തന്നെയാണ്.
എൻസോ ഫെർണാണ്ടസ് മത്സരത്തിൽ രണ്ട് ഗോളുകളാണ് നേടിയത്. അതിൽ ഒരു ഗോൾ പെനാൽറ്റിലൂടെയായിരുന്നു. മികച്ച പ്രകടനമാണ് മത്സരത്തിൽ ചെൽസിക്ക് വേണ്ടി അദ്ദേഹം നടത്തിയിരുന്നത്.ഇനി ഈ മത്സരത്തിൽ തന്നെ മറ്റൊരു അർജന്റൈൻ താരം ഗോൾ നേടിയിട്ടുണ്ട്. യുവതാരമായ ബുവാനാനോറ്റെയാണ് ബ്രൈറ്റണ് വേണ്ടി ചെൽസിക്കെതിരെ ഗോൾ നേടിയത്. അതേസമയം ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടൻഹാമും സമനിലയിൽ പിരിയുകയായിരുന്നു.
രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതമാണ് നേടിയത്.അർജന്റൈൻ താരങ്ങളുടെ പങ്കാളിത്തം ഈ മത്സരത്തിലും ഉണ്ട്. സിറ്റിക്കുവേണ്ടി ഹൂലിയൻ ആൽവരസ് ഒരു അസിസ്റ്റ് സ്വന്തമാക്കിയിരുന്നു. മാത്രമല്ല അർജന്റൈൻ സൂപ്പർതാരമായ ലോ ചെൽസോ സിറ്റിക്കെതിരെ ഗോൾ നേടിയിരുന്നു.മനോഹരമായ ഒരു ഗോൾ തന്നെയായിരുന്നു പിറന്നിരുന്നത്. കൂടാതെ ഇന്നലെ ദിബാലയും തിളങ്ങിയിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു സാസുവോളോയെ റോമ പരാജയപ്പെടുത്തിയത്.
ഈ രണ്ട് ഗോളിലും ദിബാലയുണ്ട്.ആദ്യ ഗോൾ പെനാൽറ്റിയിലൂടെ നേടിയ താരം രണ്ടാം ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തു. കൂടാതെ മറ്റൊരു അർജന്റൈൻ താരമായ ബെൽട്രെൻ ഫ്രോസിനോനെതിരെ ഗോൾ നേടുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ അർജന്റൈൻ താരങ്ങൾ തിളങ്ങിയ ഒരു മത്സരമാണ് ഇന്നലെ പൂർത്തിയായത്.