ഇന്ത്യ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന തകർപ്പൻ പ്രകടനത്തിന്റെ ഭാഗമാണ് മലയാളി താരമായ ആഷിഖ് കുരുണിയൻ.ഇന്ത്യ സാഫ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയപ്പോൾ അതിൽ ഈ താരം വഹിച്ച പങ്ക് എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. എന്നാൽ തനിക്ക് നേരിടേണ്ടിവരുന്ന പ്രയാസങ്ങളെ കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും ആഷിഖ് ഇപ്പോൾ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്.മീഡിയ വണ്ണിനോട് ആഷിഖ് സംസാരിച്ച കാര്യങ്ങൾ ഇങ്ങനെയാണ്.
അർജന്റീന നാഷണൽ ടീമിനെ കോടികൾ കൊടുത്തുകൊണ്ട് കേരളത്തിലേക്ക് കൊണ്ടുവരാൻ ഗവൺമെന്റ് ഒരുക്കമാണെന്ന് ഞാൻ കേട്ടു. നിങ്ങൾ ശരിക്കും ഫുട്ബോൾ മെച്ചപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇവിടെ ഗ്രൗണ്ടുകൾ നിർമ്മിക്കുകയാണ് വേണ്ടത്. പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ മലപ്പുറത്തോ കേരളത്തിലോ ഇല്ല.
ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ച് എന്റെ ചില ബലഹീനതകൾ പറഞ്ഞുതന്നിരുന്നു. എന്നിട്ട് വെക്കേഷൻ സമയത്ത് നാട്ടിൽ പോയിട്ട് എന്നോട് ബലഹീനതകൾ മാറ്റാൻ പ്രാക്ടീസ് ചെയ്യാൻ പറഞ്ഞു. തിരിച്ചുവന്നപ്പോൾ പരിശീലനം നടത്തിയോ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ ഞാൻ ഇല്ലെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോൾ ഞങ്ങളുടെ നാട്ടിൽ അതിനു പറ്റിയ ഗ്രൗണ്ടുകൾ ഇല്ല എന്നാണ് ഞാൻ പറഞ്ഞത്. മലപ്പുറത്ത് ആകെ രണ്ട് ഇലവൻസ് ഗ്രൗണ്ടുകൾ മാത്രമാണ് ഉള്ളത്. കോട്ടപ്പടിയിലും മഞ്ചേരി പയ്യനാട്ടിലും. എന്നാൽ മുൻസിപ്പാലിറ്റികൾ ഇത് ടൂർണമെന്റുകൾക്ക് മാത്രമാണ് തുറന്നു കൊടുക്കുക.ബാക്കിയുള്ള സമയത്ത് അവർ അടച്ചിടും.
സെവൻസിന്റെ ടർഫ് മൈതാനങ്ങൾ വാടകയ്ക്ക് എടുത്താണ് ഞാനും മലപ്പുറത്തുള്ള ബാക്കി പ്രൊഫഷണൽ താരങ്ങൾ പരിശീലനം നടത്തുന്നത്.അതുകൊണ്ട് വലിയ ഗുണം ഒന്നുമില്ല.ഇലവൻസിന്റെ മൈതാനങ്ങൾ ആവശ്യമാണ്. ഏത് ഗവൺമെന്റ് ആണെങ്കിലും ഇവിടെ ഫുട്ബോൾ വളർച്ചയ്ക്ക് ആവശ്യമായ ഒന്നും തന്നെ ചെയ്തിട്ടില്ല. അതൊക്കെയാണ് ആദ്യം നോക്കേണ്ടത്,ഇതാണ് ആഷിക് പറഞ്ഞിട്ടുള്ളത്.
സോഷ്യൽ മീഡിയയിൽ ഈ ഇന്ത്യൻ താരത്തിന് വലിയ പിന്തുണയാണ് ഇപ്പോൾ ലഭിക്കുന്നത്.വളരെ കൃത്യമായ നിരീക്ഷണമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്.ഫുട്ബോൾ പ്രതിഭകൾക്ക് ഇവിടെ വളരാൻ ആവശ്യമായ സാഹചര്യങ്ങൾ ഗവൺമെന്റ് ഒരുക്കുന്നില്ല. മറിച്ച് കയ്യടികൾക്ക് വേണ്ടിയാണ് ബന്ധപ്പെട്ട പ്രതിനിധികൾ നീക്കങ്ങൾ നടത്തുന്നത് എന്നാണ് പലരുടെയും ആരോപണം.