ഇനിയേസ്റ്റയുടേത് തട്ടിയെടുത്തു,മെസ്സി നേടിയപ്പോൾ കോപ്പക്ക് മൂല്യം കൂടി:ബാലൺഡി’ഓറിൽ വൻ വിമർശനവുമായി കൊളംബിയൻ ലെജൻഡ്.

ലയണൽ മെസ്സിക്ക് ഇത്തവണത്തെ ബാലൺ ഡി’ഓർ അവാർഡ് നൽകിയതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വാഗ്വാദങ്ങളും ചർച്ചകളും ലോക ഫുട്ബോളിൽ സജീവമായി കൊണ്ട് തുടരുകയാണ്. അർഹതയില്ലാത്ത ഒരു ബാലൺഡി’ഓർ അവാർഡാണ് ലയണൽ മെസ്സി സ്വന്തമാക്കിയത് എന്നാണ് വിമർശകർ ആരോപിക്കുന്നത്. മെസ്സിയെക്കാൾ എന്തുകൊണ്ടും അർഹതയുണ്ടായിരുന്ന ഹാലന്റിനെ തഴഞ്ഞത് തീരെ ശരിയായില്ലെന്നും വിമർശകർ ആരോപിക്കുന്നുണ്ട്.

ജർമ്മൻ താരമായിരുന്ന ലോതർ മത്തേയൂസ്,പിഎസ്ജി താരമായിരുന്ന റോതൻ എന്നിവരൊക്കെ ലയണൽ മെസ്സിക്കെതിരെ രംഗത്ത് വന്നിരുന്നു. കൊളംബിയൻ ലെജൻഡ് ആയ മൗറിസിയോ ആസ്പ്രില്ല മെസ്സിക്കെതിരെ ആഞ്ഞടിച്ചിട്ടുണ്ട്.ബാലൺ ഡി’ഓർ കേവലം ഒരു ബിസിനസ് മാത്രമായി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.

ബാലൺ ഡി’ഓർ ഇപ്പോൾ വെറുമൊരു ബിസിനസ് മാത്രമാണ്. 2020 ലെവന്റോസ്ക്കിയെ സംബന്ധിച്ചിടത്തോളം മികച്ച ഒരു സീസണായിരുന്നു.എല്ലാം അദ്ദേഹം നേടി.എന്നാൽ മെസ്സി നേടിയത് വെറും ഒരു കോപ്പ അമേരിക്ക മാത്രമാണ്. പക്ഷേ മെസ്സി നേടിയപ്പോൾ കോപ്പ അമേരിക്കയ്ക്ക് മൂല്യം വർദ്ധിച്ചു. നേരത്തെ രണ്ട് തവണ ചിലി തുടർച്ചയായി കോപ്പ അമേരിക്ക നേടിയിട്ടുണ്ട്. അന്ന് അലക്സിസ് സാഞ്ചസോ വിദാലോ ബാലൺ ഡി’ഓറിന് വേണ്ടി പോരാടുന്നത് ഞാൻ കണ്ടിട്ടില്ല.അന്ന് അതിനു മൂല്യം ഇല്ലായിരുന്നു.

മെസ്സി നേടിയപ്പോൾ കോപ അമേരിക്കയ്ക്ക് ഒരു പ്രത്യേക മൂല്യം കൈവന്നു. അപ്പോൾ അത് ബാലൺഡി’ഓറിന് പരിഗണിക്കപ്പെട്ടു. ബാക്കിയുള്ളവരുടെ കാര്യത്തിൽ കോപ്പ അമേരിക്ക പരിഗണിച്ചിരുന്നില്ല. കോപ്പ അമേരിക്ക നേടിയത് കൊണ്ട് മാത്രം ബാലൺഡി’ഓർ അവാർഡിനു വേണ്ടി പോരാടിയ ഒരാളെയും നിങ്ങൾക്ക് കാണാൻ കഴിയില്ല. 2010ൽ ഇനിയേസ്റ്റ എല്ലാം നേടി. ബാഴ്സലോണക്കൊപ്പവും സ്പെയിനിനൊപ്പം അമൂല്യമായ എല്ലാം നേടി. എന്നിട്ടും അവർ മെസ്സിക്കാണ് നൽകിയത്. ചെൽസിക്കൊപ്പവും ഇറ്റലികൊപ്പവും എല്ലാം നേടിയ ജോർഗീഞ്ഞോയെ അവർ ചെയ്തത് നിങ്ങൾ കണ്ടില്ലേ.ഇത് വെറുമൊരു ബിസിനസ് മാത്രമാണ്,ഇതാണ് അദ്ദേഹം ആരോപിച്ചത്.

തന്റെ കരിയറിൽ ആകെ 8 തവണയാണ് ലയണൽ മെസ്സി ബാലൺഡി’ഓർ അവാർഡ് സ്വന്തമാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതൽ തവണ ബാലൺഡി’ഓർ നേടിയിട്ടുള്ള താരവും ലയണൽ മെസ്സി തന്നെയാണ്. ഇത് തന്റെ അവസാനത്തെ ബാലൺഡി’ഓർ ആവുമെന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്.

Andres IniestaBallon d'orLionel Messi
Comments (0)
Add Comment