ക്രിസ്റ്റ്യാനോയുടെ സൗദി ലീഗ് പോലും പിറകിൽ,ഇന്ത്യൻ സൂപ്പർ ലീഗിന് വലിയ വളർച്ച,ബ്ലാസ്റ്റേഴ്സ് തന്നെ കാരണം!
ഇന്ത്യൻ സൂപ്പർ ലീഗിന് ദിവസം കൂടുന്തോറും പിന്തുണ വർദ്ധിച്ചുവരികയാണ്. കൂടുതൽ ആരാധകരെ ആകർഷിക്കാൻ ഐഎസ്എല്ലിന് ഇപ്പോൾ കഴിയുന്നുണ്ട്. നിലവാരം കുറഞ്ഞ റഫറിയിങ് ഒരു അപവാദമാണെങ്കിലും കൂടുതൽ ആരാധകരെ ഉണ്ടാക്കിയെടുക്കാൻ ഇന്ത്യൻ സൂപ്പർ ലീഗിന് കഴിയുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.അത് തെളിയിക്കുന്ന ചില കണക്കുകൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.
അതായത് ഏഷ്യയിൽ ഏറ്റവും കൂടുതൽ അറ്റൻഡൻസ് ഉള്ള ലീഗുകളുടെ കണക്ക് വിവരങ്ങൾ ഇപ്പോൾ പുറത്തേക്കു വന്നിട്ടുണ്ട്. ഏഷ്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സ്റ്റേഡിയത്തിൽ ഇരുന്നുകൊണ്ട് വീക്ഷിക്കുന്നത് ചൈനീസ് സൂപ്പർ ലീഗ് ആണ്. ഒരു മത്സരത്തിന് ശരാശരി 19873 ആരാധകരാണ് അറ്റൻഡ് ചെയ്യാറുള്ളത്. രണ്ടാം സ്ഥാനത്ത് വരുന്നത് ജെ ലീഗാണ്. ജാപ്പനീസ് ലീഗിൽ ശരാശരി 18993 ആണ് അറ്റൻഡൻസ് രേഖപ്പെടുത്താറുള്ളത്.മൂന്നാം സ്ഥാനത്താണ് നമ്മുടെ സ്വന്തം ഇന്ത്യൻ സൂപ്പർ ലീഗ് വരുന്നത്.
ഇന്ത്യയിലെ ശരാശരി അറ്റൻഡൻസ് 12266 ആണ്. നാലാം സ്ഥാനത്ത് വരുന്നത് സൗത്ത് കൊറിയൻ ലീഗാണ്. അതേസമയം സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ തുടങ്ങിയ പ്രമുഖർ കളിക്കുന്ന സൗദി അറേബ്യൻ ലീഗ് ആറാം സ്ഥാനമാണ് നേടിയിട്ടുള്ളത്. അവിടുത്തെ ശരാശരി ആരാധകരുടെ എണ്ണം 8635 ആണ്. ഇന്ത്യൻ സൂപ്പർ ലീഗുമായി ആരാധകരുടെ കാര്യത്തിൽ വലിയ ഒരു വ്യത്യാസം അവിടെയുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ശരാശരി വർദ്ധിക്കാൻ കാരണം മറ്റാരുമല്ല.കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്. കാരണം കേരള ബ്ലാസ്റ്റേഴ്സിന്റെ ഓരോ ഹോം മത്സരങ്ങൾക്കും ചുരുങ്ങിയത് 30000 കാണികൾ എങ്കിലും എത്തുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ എവേ മത്സരങ്ങളിൽ പോലും വലിയ ആരാധക കൂട്ടത്തെ നമുക്ക് കാണാൻ കഴിയും. ചുരുക്കത്തിൽ സൗദി അറേബ്യൻ ലീഗിന് പിറകിലാക്കാൻ കഴിഞ്ഞത് പോലും കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ മികവിലൂടെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു.
പക്ഷേ ഇന്ത്യൻ സൂപ്പർ ലീഗിന് ഇനിയും ഒരുപാട് വളരാൻ ഉണ്ട്. കാരണം ഇത്രയധികം ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഇനിയും കൂടുതൽ ആരാധകരെ സൃഷ്ടിക്കാൻ ലീഗിന് കഴിയും. അതിന് നിലവാരം ഉയർത്തുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്.