ഈ ബാഡ്ജിന് വേണ്ടി ഫൈറ്റ് ചെയ്യണം: താരങ്ങൾക്ക് കൃത്യമായ നിർദ്ദേശവുമായി പരിശീലകൻ!
കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസൺ ആരംഭിക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലാണ്.ഞായറാഴ്ചയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം നടക്കുന്നത്. എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.കൊച്ചിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. എന്നാൽ 50% കപ്പാസിറ്റി മാത്രമാണ് കൊച്ചി സ്റ്റേഡിയത്തിൽ ഉണ്ടാവുക. സെക്യൂരിറ്റി പ്രശ്നങ്ങൾ കാരണമാണ് ആദ്യ മത്സരത്തിന്റെ കപ്പാസിറ്റി കുറച്ചിട്ടുള്ളത്.
പുതിയ സീസണിൽ പുതിയ പ്രതീക്ഷകളോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് നിരാശ മാത്രമാണ് ലഭിച്ചത്.കൂടാതെ ട്രാൻസ്ഫർ ജാലകവും ആരാധകരെ തൃപ്തിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു മികച്ച തുടക്കം ലഭിച്ചിട്ടില്ലെങ്കിൽ തീർച്ചയായും ആരാധകരുടെ പ്രതിഷേധങ്ങളും വിമർശനങ്ങളും ഇരട്ടിക്കും. അത് ഒഴിവാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ പരമാവധി ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകും.
അത്തരത്തിലുള്ള നിർദ്ദേശം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേ താരങ്ങൾക്ക് നൽകിയിട്ടുള്ളത്.100% വും നൽകിക്കൊണ്ട് കളിക്കളത്തിൽ കളിക്കണം എന്നാണ് സ്റ്റാറെ പറഞ്ഞിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ബാഡ്ജിനു വേണ്ടി പോരാടണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഇന്നലെ നടന്ന പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്റ്റാറേയുടെ വാക്കുകളിലേക്ക് പോവാം.
‘കളിക്കളത്തിൽ 100% നൽകിക്കൊണ്ട് കളിക്കേണ്ടതുണ്ട്.ഒരു ജേതാവിനെപ്പോലെ കളിക്കണം.വളരെ കഠിനമായി ഫൈറ്റ് ചെയ്യണം.അത് പ്രധാനപ്പെട്ട കാര്യമാണ്. തീർച്ചയായും ക്വാളിറ്റിക്ക് പ്രാധാന്യമുണ്ട്,ടാക്റ്റികൽ ജാഗ്രതയുമുണ്ട്.പക്ഷേ അതിനെക്കാളുമൊക്കെ ഉപരി നന്നായിട്ട് ഹാർഡ് വർക്ക് ചെയ്യണം. ബാഡ്ജിനു വേണ്ടി പോരാടണം. അതിനാണ് ഞങ്ങൾ നമ്പർ വൺ മുൻഗണന നൽകുന്നത് ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
സർവ്വതും സമർപ്പിച്ചു കളിക്കുക,ആത്മാർത്ഥതയോടുകൂടി കളിക്കുക, നന്നായിട്ട് കഠിനാധ്വാനം ചെയ്യുക ഇതൊക്കെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ താരങ്ങൾക്ക് നൽകുന്ന നിർദ്ദേശം.നല്ല പോരാട്ട വീര്യത്തോടുകൂടി കളിക്കേണ്ടതുണ്ട്.ആക്രമണ വീര്യം പുറത്തെടുക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു മെന്റാലിറ്റിയാണ് സ്റ്റാറേ താരങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നത്.