ലെവർകൂസനെ പഞ്ഞിക്കിട്ട് ആഴ്സണൽ,ഇന്റർ മിലാനെ അട്ടിമറിച്ച് സൗദി ക്ലബ്!
ഇന്നലെ നടന്ന സന്നാഹ മത്സരത്തിൽ സാബി അലോൺസോയുടെ ബയേർ ലെവർകൂസന് ഒരു വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലെവർകൂസനെ പരാജയപ്പെടുത്തിയത്. തകർപ്പൻ പ്രകടനം നടത്തിയ ആഴ്സണലിന് വേണ്ടി സൂപ്പർ താരങ്ങൾ ഗോളടിക്കുകയായിരുന്നു. അതേസമയം ഇറ്റാലിയൻ ചാമ്പ്യന്മാരായ ഇന്റർ മിലാനെ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദ് ഞെട്ടിച്ചിട്ടുണ്ട്.
ലെവർകൂസനെതിരെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി കൊണ്ട് ആഴ്സണൽ വിജയം ഉറപ്പാക്കിയിരുന്നു. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ സിൻചെങ്കോയാണ് ആദ്യം ഗോൾ കണ്ടെത്തിയത്. തൊട്ടടുത്ത മിനുട്ടിൽ തന്നെ ട്രോസാർഡിന്റെ ഗോൾ കൂടി പിറക്കുകയായിരുന്നു. പിന്നീട് 38ആം മിനിറ്റിൽ ബ്രസീലിയൻ സൂപ്പർതാരമായ ഗബ്രിയേൽ ജീസസിന്റെ ഊഴമായിരുന്നു. അദ്ദേഹവും ഗോൾ കണ്ടെത്തിയതോടെ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ലീഡ് നേടിക്കൊണ്ടാണ് ആർസണൽ ആദ്യപകുതിയിൽ കളം വിട്ടത്.
പിന്നീട് രണ്ടാം പകുതിയിൽ ഒരുപാട് മാറ്റങ്ങൾ അവർ വരുത്തി.66ആം മിനുട്ടിൽ ഹാവർട്സ് കൂടി ഗോൾ നേടിയതോടെ ആഴ്സണലിന്റെ ഗോൾ പട്ടിക പൂർത്തിയാവുകയായിരുന്നു. അതേസമയം ഹോസക്കാണ് ബയേറിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയിട്ടുള്ളത്. ഏതായാലും ഈ ഗംഭീര വിജയം അവരുടെ ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. അതേസമയം എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്റർ മിലാനെ അൽ ഇത്തിഹാദ് പരാജയപ്പെടുത്തിയിട്ടുള്ളത്.
ഇന്റർ മിലാന് വേണ്ടി സൂപ്പർ താരങ്ങൾ കളിക്കളത്തിലേക്ക് ഇറങ്ങിയിരുന്നു. പക്ഷേ ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി മൂസ ഡിയാബി നേടിയ ഗോളുകൾ ഇത്തിഹാദിന് വിജയം സമ്മാനിക്കുകയായിരുന്നു. തങ്ങളുടെ കരുത്ത് ഇതിലൂടെ കാണിക്കാൻ സൗദി ക്ലബ്ബിന് സാധിച്ചു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഇത്തിഹാദ് ശക്തമായ തിരിച്ചുവരവാണ് ഇതിലൂടെ നടത്തിയിട്ടുള്ളത്.