ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടിനെതിരെ 3 ഗോളുകൾക്കായിരുന്നു ഗോവ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്.ഹാട്രിക്ക് നേടിയ ബോർഹ ഹെരേരയാണ് ഈ വിജയം ഗോവക്ക് നേടി കൊടുത്തിട്ടുള്ളത്.തലാൽ,ലാലൻസംഗ എന്നിവരാണ് ഈസ്റ്റ് ബംഗാളിന്റെ ഗോളുകൾ നേടിയിട്ടുള്ളത്.
വളരെ മോശം പ്രകടനമാണ് ഈ സീസണിൽ ഇപ്പോൾ ഈസ്റ്റ് ബംഗാൾ നടത്തുന്നത്.കളിച്ച മൂന്ന് മത്സരങ്ങളിലും അവർ പരാജയപ്പെട്ടു കഴിഞ്ഞു. മാത്രമല്ല അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ക്ലബ്ബിന്റെ 104 വർഷത്തെ ചരിത്രത്തിനിടയിലെ ആദ്യത്തെ സംഭവമാണ് ഇത്. അതായത് 5 മത്സരങ്ങൾ തുടർച്ചയായി പരാജയപ്പെടുന്ന ഈസ്റ്റ് ബംഗാൾ പരിശീലകൻ എന്ന നാണക്കേടിന്റെ കണക്കാണ് അവരുടെ പരിശീലകനായ കാർലെസ് ക്വാഡ്രറ്റിനെ തേടി എത്തിയിട്ടുള്ളത്.
ഇന്നലത്തെ മത്സരത്തിൽ പരാജയപ്പെട്ടതിനുശേഷം വലിയ പ്രതിഷേധങ്ങളാണ് ഈസ്റ്റ് ബംഗാൾ ആരാധകർ നടത്തിയിട്ടുള്ളത്.ഗോ ബാക്ക് കാർലെസ് എന്ന മുദ്രാവാക്യങ്ങൾ അവരുടെ ആരാധകർ വിളിച്ചിട്ടുണ്ട്.ഈ പരിശീലകനോട് സ്ഥാനം ഒഴിയാൻ തന്നെയാണ് അവർ ആവശ്യപ്പെടുന്നത്. ടീമിന്റെ മോശം പ്രകടനത്തിൽ ആരാധകർ വളരെ അസ്വസ്ഥരാണ്. പ്രത്യേകിച്ച് ഈ സമ്മറിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ക്ലബ്ബുകളിൽ ഒന്ന് ഈസ്റ്റ് ബംഗാളാണ്.
തലാൽ,ദിമി,ജീക്സൺ,അൻവർ അലി തുടങ്ങിയ സൂപ്പർ താരങ്ങൾ അവർക്ക് ഇപ്പോൾ ലഭ്യമാണ്.എന്നിട്ടും ഇത്രയും മോശം പ്രകടനമാണ് അവർ നടത്തുന്നത്. ഇതാണ് ആരാധകരെ ദേഷ്യം പിടിപ്പിക്കുന്നതും പരിശീലകനെതിരെ തിരിയാൻ പ്രേരിപ്പിച്ചതും.ഏതായാലും ഇനിയുള്ള മത്സരങ്ങളിൽ വിജയങ്ങൾ നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ കാര്യങ്ങൾ സങ്കീർണ്ണമാകും.ക്വാഡ്രറ്റിന് പുറത്ത് പോവേണ്ട ഒരു സാഹചര്യം വരെ ഉണ്ടായേക്കാം. അടുത്ത മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയാണ് അവരുടെ എതിരാളികൾ.