കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാനത്തിൽ ഹാവി ഹെർണാണ്ടസ് നേടിയ ഗോളാണ് ബംഗളൂരു എഫ്സിക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. ഇതോടുകൂടി ഒരിക്കൽ കൂടി കേരള ബ്ലാസ്റ്റേഴ്സ് ശ്രീ കണ്ടീരവയിൽ നിന്നും തലകുനിച്ചു മടങ്ങുകയാണ്.
വളരെ ആവേശഭരിതമായിരുന്നു മത്സരം.പ്രത്യേകിച്ച് ആദ്യ പകുതിയിൽ രണ്ട് ടീമുകളും ആക്രമിച്ചാണ് കളിച്ചത്. വളരെ വേഗത്തിലുള്ള ഗെയിം തന്നെയാണ് മത്സരത്തിൽ കാണാൻ കഴിഞ്ഞത്. എന്നാൽ ആദ്യപകുതിയിൽ ഗോളുകൾ ഒന്നും തന്നെ നേടാൻ രണ്ട് ടീമുകൾക്കും കഴിഞ്ഞിരുന്നില്ല. രണ്ടാം പകുതിയിലും സമാനമായിരുന്നു സാഹചര്യങ്ങൾ.ബംഗളൂരു എഫ്സിക്ക് ഒരു ഓപ്പൺ ചാൻസ് അതിനിടയിൽ ലഭിച്ചിരുന്നു.എന്നാൽ സുനിൽ ഛേത്രിക്ക് അത് ഗോളാക്കാനാവാതെ പോയി.
മത്സരത്തിന്റെ 89 മിനിട്ടിലാണ് ബംഗളൂരു വിജയഗോൾ നേടിയത്. അതുവരെ മോശമല്ലാത്ത രീതിയിൽ ഉണ്ടായിരുന്ന ബ്ലാസ്റ്റേഴ്സ് ഡിഫൻസ് പൂർണ്ണമായും ദുരന്തമാകുന്ന ഒരു കാഴ്ചയാണ് അവിടെ കണ്ടത്. ഒട്ടും അപകടകരമല്ലാത്ത ഒരു സാഹചര്യത്തിൽ നിന്നാണ് ബംഗളൂരു ഗോൾ നേടിയത്.ഹാവിയിലേക്ക് ക്രോസ് വരുമ്പോൾ അദ്ദേഹം ഫ്രീയായിരുന്നു.ഒരാൾപോലും അദ്ദേഹത്തിന് ചാലഞ്ച് നൽകിയിരുന്നില്ല.വളരെ ഈസിയായി കൊണ്ട് അദ്ദേഹം ഗോൾ നേടുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്.
ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് തോൽവി ഉറപ്പിക്കുകയായിരുന്നു. ബംഗളൂരു എഫ്സിയുടെ മൈതാനമായ ശ്രീ കണ്ടീരവയിൽ ഇതുവരെ ആറുമത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ളത്.അതിൽ ഒരു സമനിലയും അഞ്ചു തോൽവിയും ആണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയിട്ടുള്ളത്. ഇത്തവണയും ആരാധകരെ നിരാശരാക്കുകയാണ് ബാസ്റ്റേഴ്സ് ചെയ്തിട്ടുള്ളത്.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്താണ് ഉള്ളത്. അതേസമയം വിജയത്തോടുകൂടി ബംഗളൂരു ആറാം സ്ഥാനത്തേക്ക് കയറി വന്നിട്ടുണ്ട്.ഇനി അടുത്ത മത്സരത്തിൽ മോഹൻ ബഗാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.