ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ മറ്റൊരു തോൽവി കൂടി കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സിനെ ബംഗളുരു എഫ്സി പരാജയപ്പെടുത്തിയിട്ടുള്ളത്.ഹാവി ഹെർണാണ്ടസ് നേടിയ ഗോളാണ് ബംഗളുരുവിന് വിജയം സമ്മാനിച്ചിട്ടുള്ളത്. ഇതോടെ ശ്രീ കണ്ടീരവയിൽ നിന്ന് ഒരിക്കൽ കൂടി ക്ലബ്ബ് വെറുംകൈയോടെ മടങ്ങുകയാണ്.
ആകെ 6 മത്സരങ്ങളാണ് ശ്രീ കണ്ടീരവയിൽ ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ളത്. അതിൽ 5 എണ്ണത്തിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒരെണ്ണം സമനിലയിൽ കലാശിച്ചു. ഒരു വിജയം പോലും അവരുടെ സ്റ്റേഡിയത്തിൽ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ഇത്തവണ അത് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും നിരാശ മാത്രമാണ് ഫലം.മത്സരത്തിന് മുന്നേ തന്നെ സോഷ്യൽ മീഡിയയിൽ ഇരുആരാധകരും തമ്മിൽ പോര് ആരംഭിച്ചിരുന്നു.
എന്നാൽ മത്സരം പരാജയപ്പെട്ടതോടുകൂടി ബ്ലാസ്റ്റേഴ്സ് ആരാധകർക്കാണ് നിരാശപ്പെടേണ്ടിവന്നത്.എന്നാൽ ബംഗളൂരു എഫ്സിയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ട് ഇത് ആഘോഷമാക്കുകയാണ്. ഒരുപാട് ട്രോളുകൾ അവർ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇറക്കി കഴിഞ്ഞു.ആറോളം ട്രോളുകളാണ് ബംഗളുരു കേരള ബ്ലാസ്റ്റേഴ്സിനെതിരെ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുള്ളത്.അതിലൊന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ബംഗളുരു താരങ്ങൾ പുറത്തേക്കുള്ള വഴി കാണിച്ചു നൽകുന്നതാണ്. ചിത്രത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളെ കാത്ത് കൊച്ചിയിലേക്കുള്ള KSRTC യും ഉണ്ട്.
മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ബംഗളുരു എഫ്സിയുടെ ട്രോഫിക്കൊപ്പം ഫോട്ടോ എടുക്കുന്നതും ഇവർ ട്രോളാക്കി മാറ്റിയിട്ടുണ്ട്. അതിനൊക്കെ പുറമേ ബ്ലാസ്റ്റേഴ്സിന്റെ ശ്രീ കണ്ടീരവയിലെ തുടർ തോൽവികളെയും ഇവർ പരിഹസിച്ചിട്ടുണ്ട്.ഇതെല്ലാം ബ്ലാസ്റ്റേഴ്സ് ഫാൻസിന് നിരാശ നൽകുന്ന കാര്യമാണ്.