ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചിരവൈരികളായ ബംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ജോർഹെ പെരേര ഡയസ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്. സുനിൽ ഛേത്രിയായിരുന്നു അസിസ്റ്റ് നൽകിയിരുന്നത്.
മത്സരത്തിൽ അർഹിച്ച തോൽവി തന്നെയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയിട്ടുള്ളത്. കാരണം മോശം പ്രകടനം തന്നെയാണ് ക്ലബ്ബ് കാഴ്ചവച്ചത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വച്ചത് ബംഗളൂരു എഫ്സി തന്നെയായിരുന്നു. ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് പലപ്പോഴും അവർ ഭീതി വിതക്കുകയും ചെയ്തിരുന്നു.ആരാധകർക്ക് ആശ്വസിക്കാൻ വകയുള്ള ഒരു പ്രകടനമല്ല ക്ലബ്ബിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.
ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താവുകയും ബംഗളൂരു സെമിയിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിജയത്തിന് പിന്നാലെ ബംഗളൂരു എഫ്സിയുടെ സോഷ്യൽ മീഡിയ ഹാന്റിലുകൾ കേരള ബ്ലാസ്റ്റേഴ്സിനെ ട്രോളുന്ന തിരക്കിലാണ്. ഹാപ്പി അല്ലേ എന്ന ക്യാപ്ഷൻ നൽകി കൊണ്ടായിരുന്നു മത്സരത്തിന്റെ റിസൾട്ട് അവർ പോസ്റ്റ് ചെയ്തിരുന്നത്. തൊട്ടുപിന്നാലെ ഒരു ട്രോൾ വീഡിയോ അവർ പുറത്തിറക്കുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കും എന്ന ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കമന്റുകൾ ആയിരുന്നു ആ ട്രോൾ വീഡിയോയിൽ ഉണ്ടായിരുന്നത്.
അതിനുശേഷം KPAC ലളിത പൊട്ടിക്കരയുന്ന ഒരു വീഡിയോയും അവർ അതിനോടൊപ്പം ചേർത്തിട്ടുണ്ട്. നിങ്ങൾ മത്സരത്തിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ ഞങ്ങളാണ് വിജയികൾ എന്നായിരുന്നു അതിന്റെ ക്യാപ്ഷൻ വന്നിരുന്നത്. അതിന് പിന്നാലെ പെരേര ഡയസിന്റെ റിയാക്ഷനുകൾ ഉൾപ്പെടുത്തിക്കൊണ്ടും ഒരു വീഡിയോ ഇവർ പുറത്തിറക്കിയിട്ടുണ്ട്.അങ്ങനെ എല്ലാ നിലക്കും കേരള ബ്ലാസ്റ്റേഴ്സിന് ട്രോളുകയാണ് ബംഗളൂരു എഫ്സിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ ചെയ്തിട്ടുള്ളത്.
ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ട് പുറത്തായി എന്നുള്ളത് ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ നിരാശ നൽകുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ കടുത്ത പ്രതിഷേധം ഇപ്പോൾ ആരാധകർ ഉയർത്തുന്നുണ്ട്. ഇങ്ങനെയാണെങ്കിൽ ഇത്തവണത്തെ ഐഎസ്എല്ലിൽ വളരെ മോശമായിരിക്കും ടീമിന്റെ സ്ഥിതി എന്നാണ് ആരാധകർ ആരോപിക്കുന്നത്.