ബംഗളൂരുവിനെതിരെയുള്ള മത്സരം എരിവുള്ളതായിരിക്കും: വ്യക്തമാക്കി അഡ്രിയാൻ ലൂണ!
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ആദ്യത്തെ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല.പനി ബാധിച്ചത് കൊണ്ടായിരുന്നു അദ്ദേഹത്തിന് മത്സരങ്ങൾ നഷ്ടമായത്.എന്നാൽ മൂന്നാമത്തെ മത്സരത്തിൽ അദ്ദേഹം തിരിച്ചെത്തി. പകരക്കാരന്റെ റോളിൽ ആയിരുന്നു അദ്ദേഹം കഴിഞ്ഞ നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ കളിച്ചിരുന്നത്.
അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആരാധകർക്ക് സന്തോഷം പകരുന്ന ഒന്നാണ്. നാളെ നടക്കുന്ന മത്സരത്തിൽ ഒഡീഷക്കെതിരെ അദ്ദേഹം സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഏതായാലും ഈയിടെ നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ഏത് ക്ലബ്ബാണ് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നത് എന്നായിരുന്നു ചോദ്യം.ബംഗളൂരു എഫ്സിയെ പ്രത്യേകം പരാമർശിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിട്ടുണ്ട്.
എല്ലാ ടീമുകളും ബുദ്ധിമുട്ടാണെന്നും എന്നാൽ ബംഗളൂരു എഫ്സിക്കെതിരെ കളിക്കുമ്പോൾ ഒരല്പം വ്യത്യസ്തമാണ് എന്നുമാണ് കേരള ബ്ലാസ്റ്റേഴ്സ് നായകൻ പറഞ്ഞിട്ടുള്ളത്.ബ്ലാസ്റ്റേഴ്സും ബംഗളുരുവും തമ്മിലുള്ള വൈരം എല്ലാവർക്കും അറിയാവുന്നതാണ്.ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനെ പുറത്താക്കിയത് ബംഗളൂരു തന്നെയായിരുന്നു. ഏതായാലും അഡ്രിയാൻ ലൂണ പറഞ്ഞ വാക്കുകളിലേക്ക് പോകാം.
‘ എല്ലാ ടീമുകളും ബുദ്ധിമുട്ടേറിയ എതിരാളികളാണ്. പക്ഷേ ബംഗളൂരു എഫ്സിക്കെതിരെ കളിക്കുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്.കാരണം ഈ രണ്ട് ക്ലബ്ബുകൾക്കും ഇടയിലുള്ള ചരിത്രം എല്ലാവർക്കും അറിയാവുന്നതാണല്ലോ. അതുകൊണ്ടുതന്നെ ഞങ്ങൾ ഇനി പരസ്പരം ഏറ്റുമുട്ടുമ്പോൾ അത് കുറച്ച് എരിവുള്ളതായിരിക്കും ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് നായകൻ പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഹോം മത്സരം ബംഗളൂരു എഫ്സി ക്കെതിരെയാണ്. ആ മത്സരം കൂടുതൽ ആവേശഭരിതമായിരിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ഒക്ടോബർ 25ആം തീയതിയാണ് ആ മത്സരം നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം അരങ്ങേറുക.