കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നു കേൾക്കുന്ന ഒരു സമയമാണ് ഇത്. ടീമിന്റെ മോശം പ്രകടനത്തിൽ പ്രതിഷേധിച്ചുകൊണ്ട് മഞ്ഞപ്പട ഉൾപ്പെടെയുള്ള ആരാധക കൂട്ടായ്മകൾ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ മത്സരത്തിൽ സ്റ്റേഡിയത്തിനകത്തും പുറത്തും മഞ്ഞപ്പട പ്രതിഷേധങ്ങൾ നടത്തിയിരുന്നു. പ്രതിഷേധിക്കുന്നവരെ നിശബ്ദരാക്കാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ശ്രമിച്ചത് വലിയ രൂപത്തിൽ വിവാദം ആവുകയും ചെയ്തു.
കഴിഞ്ഞ മത്സരത്തിൽ വിജയിച്ചുവെങ്കിലും ഇതൊന്നും പ്രതിഷേധങ്ങളെ ബാധിക്കില്ല എന്ന് മഞ്ഞപ്പട അറിയിച്ചിരുന്നു. മറ്റൊരു ആരാധക കൂട്ടായ്മയായ ബ്ലാസ്റ്റേഴ്സ് ആർമിയും ഇതിന്റെ ഭാഗമായിരുന്നു.ക്ലബ് മാനേജ്മെന്റിന് ഒരു ഇമെയിൽ അയക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആർമി ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്സ് ഒരു വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. അതായത് ബ്ലാസ്റ്റേഴ്സ് ആർമി ടീമിന്റെ ട്രെയിനിങ് ക്യാമ്പിൽ എത്തുകയും ക്രിസ്മസ് ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്.
ഈ വിഷയത്തിൽ രണ്ട് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പ്രതിഷേധങ്ങൾക്കിടയിൽ ബ്ലാസ്റ്റേഴ്സ് ആർമി ആഘോഷം നടത്തിയത് ശരിയായില്ല എന്നാണ് ഒരു വിഭാഗം ആരാധകർ വാദിക്കുന്നത്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ അനുമതിയോടുകൂടിയാണല്ലോ അവർ ക്യാമ്പിൽ എത്തിയത്. മാനേജ്മെന്റുമായി ഇപ്പോൾ സഹകരിക്കുന്നത് ശരിയായ കാര്യമല്ല എന്നാണ് പല ആരാധകരും ആ വീഡിയോയുടെ കമന്റ് ബോക്സിൽ അഭിപ്രായപ്പെട്ടിട്ടുള്ളത്.
എന്നാൽ ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ആർമിയെ പിന്തുണക്കുന്നവരും സജീവമാണ്. ആരാധകരുടെ പ്രതിഷേധം മാനേജ്മെന്റിനെതിരെയാണെന്നും താരങ്ങൾക്കെതിരെ അല്ല എന്നുമാണ് ഒരു കൂട്ടം ആരാധകർ പറയുന്നത്. താരങ്ങളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചത് ഒരിക്കലും തെറ്റായ കാര്യമല്ല എന്നും ഇവർ അഭിപ്രായപ്പെടുന്നുണ്ട്. ഏതായാലും ബ്ലാസ്റ്റേഴ്സ് ആർമിയുടെ ക്രിസ്മസ് ആഘോഷം ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.