പെപ്രയും ദിമിയും പൊളിച്ചടുക്കി, ബ്ലാസ്റ്റേഴ്സിന്റെ പ്രതികാരാഗ്നിയിൽ വെന്ത് വെണ്ണീറായി മുംബൈ സിറ്റി.

ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയോട് കേരള ബ്ലാസ്റ്റേഴ്സ് അവരുടെ മൈതാനത്ത് വെച്ച് പരാജയപ്പെടുകയായിരുന്നു. നിർഭാഗ്യം അന്ന് വലിയ വിലങ്ങ് തടിയായി.മാത്രമല്ല ബ്ലാസ്റ്റേഴ്സസിന് മത്സരത്തിൽ അപമാനങ്ങൾ ഏൽക്കേണ്ടി വരികയും ചെയ്തിരുന്നു. പക്ഷേ അതിന് കൊച്ചിയിൽ പ്രതികാരം തീർക്കാം എന്ന മനോഭാവത്തോട് കൂടിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളിക്കളം വിട്ടിരുന്നത്.ആ പ്രതികാരം ഇന്ന് പൂർത്തിയായിരിക്കുന്നു.

കൊച്ചി കലൂർ ജവഹർലാൽ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ മുംബൈ സിറ്റിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരിക്കുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ തലകുനിച്ചത്. മിന്നുന്ന പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടി കൊണ്ട് വിജയം ഉറപ്പാക്കിയിരുന്നു. മുന്നേറ്റ നിരയിലെ സൂപ്പർതാരങ്ങളായ ദിമിയും പെപ്രയുമാണ് മത്സരത്തിൽ പൊളിച്ചടുക്കിയത്

പെപ്ര,ദിമി എന്നിവർക്കൊപ്പം രാഹുലും മുന്നേറ്റ നിരയിൽ ഉണ്ടായിരുന്നു.ലെസ്‌കോയും ഡ്രിൻസിച്ചും പ്രതിരോധനിരയിൽ ഉണ്ടായിരുന്നു.മത്സരത്തിന്റെ പതിനൊന്നാം മിനിട്ടിലാണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയത്. പന്തുമായി ബോക്സിലേക്ക് ഓടി കയറിയ പെപ്ര അത് വളരെ കൃത്യമായി കൊണ്ട് ദിമിയിലേക്ക് എത്തിക്കുന്നു. തന്റെ ഫസ്റ്റ് ടച്ചിൽ തന്നെ പ്രതിരോധനിരതാരത്തെ കബളിപ്പിച്ച ദിമി സമയം ഒട്ടും പാഴാക്കാതെ അത് ഫിനിഷ് ചെയ്യുകയായിരുന്നു.ഒരു മനോഹരമായ ഗോൾ തന്നെയാണ് പിറന്നത്.കൊച്ചി സ്റ്റേഡിയം പൊട്ടിത്തെറിക്കുകയായിരുന്നു.

അതിനുശേഷം ഒരു സുവർണ്ണാവസരം രാഹുലിന് ലഭിച്ചു.എന്നാൽ അദ്ദേഹത്തിന്റെ ഷോട്ട് പുറത്തേക്ക് പോവുകയായിരുന്നു. പക്ഷേ അധികം വൈകാതെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ലീഡ് ഉയർത്തി. ആദ്യ പകുതിയുടെ അവസാനത്തിൽ പെപ്രയാണ് ഗോൾ കണ്ടെത്തിയത്.ദിമി തനിക്ക് നൽകിയ പന്ത് ഞൊടിയിടയിൽ ഷോട്ട് എടുത്ത് കൊണ്ട് പെപ്ര ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ ഡിഫൻഡ് ചെയ്തു.മുംബൈക്ക് കാര്യമായ ഭീഷണികൾ ഒന്നും തന്നെ കേരള ബ്ലാസ്റ്റേഴ്സ് ബോക്സിനകത്ത് ഉയർത്താൻ കഴിഞ്ഞില്ല. ടാർഗെറ്റിലേക്ക് കേവലം ഒരു ഷോട്ട് മാത്രമാണ് മുംബൈ സിറ്റിക്ക് ഉതിർക്കാൻ കഴിഞ്ഞത്.ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ് അത്രമേൽ ശക്തമായിരുന്നു.

നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്ത് തന്നെയാണ്. 11 മത്സരങ്ങളിൽ ഏഴ് വിജയങ്ങൾ നേടിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ പോയിന്റ് സമ്പാദ്യം 23 ആണ്.അടുത്ത മത്സരത്തിൽ ശക്തരായ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.വരുന്ന ഇരുപത്തിയേഴാം തീയതിയാണ് ഈ മത്സരം നടക്കുക.

indian Super leagueKerala Blasters
Comments (0)
Add Comment