കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോൾ മാനേജ്മെന്റിനോട് കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. അതിന്റെ കാരണം മാനേജ്മെന്റിന്റെ മെല്ലെപ്പോക്ക് തന്നെയാണ്.ട്രാൻസ്ഫർ വിന്റോ ക്ലോസ് ചെയ്യാനായിട്ടും ഇതുവരെ പ്രധാനപ്പെട്ട സൈനിങ്ങുകൾ ഒന്നും തന്നെ നടന്നിട്ടില്ല. ഒരു സെന്റർ സ്ട്രൈക്കറേയാണ് നിലവിൽ ക്ലബ്ബിന് ഏറ്റവും കൂടുതൽ ആവശ്യം. എന്നാൽ അത് ഇതുവരെ പൂർത്തിയാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.
മറ്റുള്ള ടീമുകൾ എല്ലാവരും നല്ല രൂപത്തിലുള്ള ഇൻവെസ്റ്റ്മെന്റ് തങ്ങളുടെ സ്‌ക്വാഡുകളിൽ നടത്തുന്നുണ്ട്. പ്രത്യേകിച്ച് ഇത്തവണ എടുത്തുപറയേണ്ടത് കൊൽക്കത്തൻ ക്ലബ്ബുകൾ ആയ മോഹൻ ബഗാൻ,ഈസ്റ്റ് ബംഗാൾ എന്നിവരെയാണ്.വലിയ രൂപത്തിലുള്ള തുകകൾ ചിലവഴിച്ചു കൊണ്ടാണ് ഒരുപാട് മികച്ച താരങ്ങളെ അവർ ടീമിലേക്ക് എത്തിച്ചിട്ടുള്ളത്.മോഹൻ ബഗാൻ നിലവിൽ താര സമ്പന്നമാണ്. അവരോടൊക്കെ മുട്ടി നിൽക്കണമെങ്കിൽ തീർച്ചയായും ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ശക്തി വർദ്ധിപ്പിക്കേണ്ടതുണ്ട്.
എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റോ മാനേജിംഗ് ഡയറക്ടറായ നിഖിലോ കാര്യമായ ഇൻവെസ്റ്റ്മെന്റ്സ് ഒന്നും തന്നെ നടത്തുന്നില്ല. ഇക്കാര്യത്തിൽ ആരാധകർ കലിപ്പിലാണ്. ഇതിനിടെ ട്വിറ്ററിലെ ഒരു ആരാധകന്റെ ആവശ്യം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രമുഖ ബിസിനസ് ഗ്രൂപ്പായ ലുലു ഗ്രൂപ്പിനോടും അതിന്റെ ഉടമസ്ഥനായ എംഎ യൂസുഫ് അലിയോടും ഒരു അഭ്യർത്ഥനയാണ് ആരാധകർ നടത്തിയിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കണം എന്നാണ് അഭ്യർത്ഥന.
നിലവിലെ മാനേജ്മെന്റ് തുടർന്നാൽ യാതൊരുവിധ പുരോഗതിയും ഉണ്ടാവില്ല എന്നാണ് ഇദ്ദേഹം വാദിക്കുന്നത്. മറിച്ച് സിറ്റി ഗ്രൂപ്പിനെ പോലെയുള്ള ഏതെങ്കിലും ദീർഘവീക്ഷണമുള്ള ഗ്രൂപ്പുകൾ ഏറ്റെടുത്താൽ മാത്രമായിരിക്കും ബ്ലാസ്റ്റേഴ്സിൽ കൂടുതൽ നിക്ഷേപങ്ങൾ വരികയുള്ളൂ എന്നും ഈ ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. നേരത്തെ ഗൾഫിലുള്ള ഒരു ഗ്രൂപ്പ് ക്ലബ്ബിനെ ഏറ്റെടുത്തേക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.പക്ഷേ അതൊന്നും ഒന്നുമാവാതെ പോവുകയായിരുന്നു.
ഏതായാലും നിലവിൽ ക്ലബ്ബിന്റെ മാനേജ്മെന്റിൽ പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും സംഭവിക്കാൻ പോകുന്നില്ല. കൂടുതൽ മികച്ച സൈനിങ്ങുകൾ നടത്തിയില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ അവസ്ഥ പരിതാപകരമായിരിക്കും എന്ന് തന്നെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.മിഡ് ടേബിളിൽ ഫിനിഷ് ചെയ്യുന്ന ഒരു ടീമിനെ അല്ല തങ്ങൾക്ക് വേണ്ടതെന്ന് മഞ്ഞപ്പട ഈയിടെ വ്യക്തമാക്കിയിരുന്നു.