കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിൽ കൂടുതൽ മികവ് പുലർത്താനുള്ള ഒരുക്കത്തിലാണ്. ആവശ്യമായ അഴിച്ചു പണികൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തിത്തുടങ്ങിയിട്ടുണ്ട്. പരിശീലകനായ ഇവാൻ വുക്മനോവിച്ച് ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. പുതിയ പരിശീലകനെ ഇതുവരെ ബ്ലാസ്റ്റേഴ്സ് നിയമിച്ചിട്ടില്ല.
അതേസമയം ഒരു വിദേശ താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്. ഗോവയുടെ താരമായിരുന്ന നൂഹ് സദൂയി ഇനി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയാണ് കളിക്കുക. ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെയും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. എന്നാൽ ഇതിനേക്കാൾ ഒക്കെ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം നൽകിയത് അഡ്രിയാൻ ലൂണയുടെ കോൺട്രാക്ട് പുതുക്കിയതായിരുന്നു.
2027 വരെയുള്ള ഒരു പുതിയ കോൺട്രാക്ടിലാണ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ഒപ്പു വച്ചിട്ടുള്ളത്. ഗോവ,മുംബൈ എന്നിവർ ഈ താരത്തെ റാഞ്ചുമോ എന്ന ഭീതിയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉണ്ടായിരുന്നത്.എന്നാൽ ആ ഭീതി ഇപ്പോൾ നീങ്ങി കഴിഞ്ഞിട്ടുണ്ട്.ഇനി ഒരൊറ്റ കാര്യം കൂടി മാത്രമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ആവശ്യപ്പെടുന്നത്.
മറ്റൊന്നുമല്ല,ദിമിയുടെ കാര്യം തന്നെയാണ്. ഇത്തവണത്തെ ഗോൾഡൻ ബൂട്ട് ജേതാവായ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി ഒരുപാട് ക്ലബ്ബുകൾ രംഗത്തുണ്ട്.അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് പൂർത്തിയായിട്ടുണ്ട്. പുതിയ ഓഫറുകൾ ബ്ലാസ്റ്റേഴ്സ് നൽകിയിരുന്നുവെങ്കിലും താരം സ്വീകരിച്ചിട്ടില്ല.കൂടുതൽ ആകർഷകമായ ഓഫറുകൾ നൽകിയാൽ മാത്രമാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ തുടരുക.
എന്ത് വിലകൊടുത്തും ഈ സ്ട്രൈക്കറെ നിലനിർത്തണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.ലൂണയും ദിമിയും നൂഹും അടങ്ങുന്ന ഒരു മുന്നേറ്റ നിരയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അടുത്ത സീസണിൽ വേണ്ടത്.ദിമിയെ കൂടി ബ്ലാസ്റ്റേഴ്സ് നിലനിർത്തും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്.