എന്നാലും എന്റെ ബ്ലാസ്റ്റേഴ്സേ.. നിനക്കിത് എന്നാ പറ്റി?ഇന്ന് വഴങ്ങിയത് വമ്പൻ തോൽവി.

കലിംഗ സൂപ്പർ കപ്പിൽ ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പരിതാപകരമായ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്.തുടർച്ചയായ രണ്ടാം തോൽവിയാണ് ക്ലബ്ബ് ഇപ്പോൾ വഴങ്ങിയിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.അതുകൊണ്ടുതന്നെ സൂപ്പർ കപ്പിൽ നിന്ന് ക്ലബ്ബ് പുറത്താകുകയും ചെയ്തിരുന്നു. അതിനാൽ ഇന്നത്തെ മത്സരത്തിന് വലിയ പ്രസക്തി ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പരിശീലകൻ ഇവാൻ വുക്മനോവിച്ച് പല മാറ്റങ്ങളും സ്റ്റാർട്ടിങ് ഇലവനിൽ വരുത്തി.പല പരീക്ഷണങ്ങളും അദ്ദേഹം നടത്തി.

സന്ദീപ്,ഹോർമിപാം,യോയ്‌ഹെൻബ,നിഹാൽ,ബിദ്യ എന്നിവരൊക്കെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു.എന്നാൽ പരീക്ഷണങ്ങൾ അമ്പേ പാളി എന്ന് പറയേണ്ടിയിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് തുടക്കം തൊട്ട് ഗോളുകൾ വഴങ്ങിക്കൊണ്ടിരുന്നു.മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ സൂപ്പർ താരം പാർദ്ദിപ് ഗോഗോയ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തു. ആദ്യ പകുതി അവസാനിച്ചപ്പോൾ ഈ ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് പുറകിലായിരുന്നു.

രണ്ടാം പകുതിയിൽ കൂടുതൽ പരിതാപകരമായ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്.68ആം മിനുട്ടിൽ ബെമാമർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ലീഡ് വർദ്ധിപ്പിച്ചു. എഴുപതാം മിനിറ്റിൽ ദിമി ഗോൾ നേടിയതോടുകൂടി ബ്ലാസ്റ്റേഴ്സ് തിരിച്ചുവരുന്നു എന്ന തോന്നൽ ഉണ്ടാക്കി.എന്നാൽ പിന്നീട് ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾ വഴങ്ങുകയായിരുന്നു.75ആം മിനുട്ടിൽ ത്ലാങ്ങും അഞ്ച് മിനിട്ടിനു ശേഷം ജിതിനും ഗോൾ നേടിയതോടുകൂടി കേരള ബ്ലാസ്റ്റേഴ്സിന്റെ പതനം പൂർത്തിയാവുകയായിരുന്നു. നാല് ഗോളുകൾ വഴങ്ങേണ്ടിവന്നു എന്നത് തീർത്തും നിരാശപ്പെടുത്തുന്ന കാര്യമാണ്.

തുടർച്ചയായി രണ്ടു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പരാജയപ്പെട്ടു കഴിഞ്ഞു.ഇത് ആരാധകർക്ക് നിരാശ നൽകുന്നുണ്ട്.പ്രത്യേകിച്ച് ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമാകുമോ എന്നാണ് ആരാധകരുടെ ആശങ്ക.

Kerala BlastersNorth East United
Comments (0)
Add Comment